Ernakulam

കൊച്ചിയിൽ സിഗരറ്റ് നൽകാൻ വൈകിയതിന് ക്രൂരത; കടയിലെ ജീവനക്കാരെ യുവാക്കൾ തല്ലിച്ചതച്ചു

Please complete the required fields.




കൊച്ചി: വൈറ്റില-തമ്മനം റോഡിലെ ഒരു കൂൾബാറിൽ സിഗരറ്റ് നൽകാൻ വൈകിയതിനെച്ചൊല്ലിയുണ്ടായ തർക്കം ജീവനക്കാർക്കെതിരെയുള്ള ക്രൂരമായ മർദനത്തിൽ കലാശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ഈ സംഭവത്തിൽ കടയിലെ ജീവനക്കാരായ കാസർകോട് സ്വദേശി നൗഫൽ (26), പാലക്കാട് സ്വദേശി റിൻഷാദ് (23) എന്നിവർക്കാണ് പരിക്കേറ്റത്.

കടയിൽ വലിയ തിരക്കുള്ള സമയത്തെത്തിയ രണ്ട് യുവാക്കൾ റിൻഷാദിനോട് സിഗരറ്റ് ആവശ്യപ്പെടുകയായിരുന്നു. ആ സമയത്ത് ജ്യൂസ് അടിക്കുകയായിരുന്ന റിൻഷാദ് അല്പം താമസിക്കുമെന്ന് അറിയിച്ചതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.തങ്ങൾ പ്രദേശവാസികളാണെന്നും സിഗരറ്റ് ഇപ്പോൾ തന്നെ വേണമെന്നും നിർബന്ധം പിടിച്ച യുവാക്കൾ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. തുടർന്ന് അസഭ്യം പറഞ്ഞ് അവിടെനിന്നും മടങ്ങിയ ഇവർ, അല്പസമയത്തിന് ശേഷം മൂന്നാമതൊരാളെക്കൂടി കൂട്ടി തിരിച്ചെത്തുകയും കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ക്രൂരമായി മർദിക്കുകയുമായിരുന്നു.

സംഭവത്തെത്തുടർന്ന് ജീവനക്കാർ കടവന്ത്ര പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി കടയിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്.

Related Articles

Back to top button