Thiruvananthapuram

സ്വപ്‌ന ഭവനമായ ‘പനോരമയിൽ’ അവസാനമായി വിഷ്ണുവെത്തി; ധീരജവാന് നാടിന്റെ അന്ത്യാഞ്ജലി

Please complete the required fields.




തിരുവനന്തപുരം : ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുടെ ബോംബ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ നന്ദിയോട് പൊട്ടന്‍ചിറ അനിഴത്തില്‍ വിഷ്ണുവിന്റെ (35) ഭൗതികശരീരം ‘പനോരമ’ വീട്ടിലേക്ക് എത്തിച്ചപ്പോഴത്തെ രംഗങ്ങള്‍ ഏറെ വൈകാരികമായിരുന്നു.വിഷ്ണു പുതുതായി പണികഴിപ്പിച്ച വീടാണിത്. വന്‍ജനാവലിയാണ് വിഷ്ണുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ഉച്ചയോടെ പാലോട് കരിമണ്‍കോട് ശാന്തികുടീരം പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച ഭൗതികശരീരം രാവിലെ താന്നിമൂട് ചുണ്ടകരിക്കകത്തെ വീട്ടിലേക്കാണ് ആദ്യം എത്തിച്ചത്.

തുടര്‍ന്നു പൊട്ടന്‍ചിറയിലെ കുടുംബവീട്ടില്‍ എത്തിച്ചു. പൊതു ദര്‍ശനത്തിനു ശേഷം 10 മണിയോടെ വിലാപയാത്രയായി പുറപ്പെട്ടു. നന്ദിയോട് ജംക്‌ഷനിലും വിഷ്ണു പഠിച്ച എസ്‌കെവി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനം നടത്തി. തുടർന്നായിരുന്നു പാലോട് കരിമണ്‍കോട് ശാന്തികുടീരം പൊതുശ്മശാനത്തിൽ സംസ്‌കാരം.മൃതദേഹം പൊതുശ്മശാനത്തില്‍ ദഹിപ്പിക്കണമെന്ന വിഷ്ണുവിന്റെ ആഗ്രഹപ്രകാരമാണു ശാന്തികുടീരത്തില്‍ സംസ്‌കരിച്ചത്.

മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജെ.ചിഞ്ചുറാണി, എംഎല്‍എമാര്‍, രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖര്‍, നാട്ടുകാര്‍ അടക്കം വലിയ ജനാവലി വിഷ്ണുവിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി എത്തി.

വിഷ്ണുവിന് പഠനകാലത്ത് പട്ടാളക്കാരനാകണം എന്നായിരുന്നു ആഗ്രഹം. സഹാപാഠികളോട് ഇക്കാര്യം പങ്കുവച്ചിരുന്നു. ആ ദൃഢനിശ്ചയം പിന്നീട് യാഥാര്‍ഥ്യമായി.സ്വന്തമായ വീടെന്ന സ്വപ്നവും പൂര്‍ത്തിയാക്കി. ‘പനോരമ’ എന്നാണു വീട്ടിനു പേരിട്ടത്. ഒരു മുറി പട്ടാള ജീവിതത്തിന്റെ ഓര്‍മകള്‍ക്കായി പ്രത്യേകമായി ക്രമീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.അടുത്ത തവണ അവധിക്കെത്തുമ്പോൾ അതു സജ്ജീകരിക്കാനായിരുന്നു തീരുമാനം. വീടിന്റെ പാലുകാച്ചൽ ചടങ്ങിനു ശേഷമാണ് ഒന്നരമാസം മുന്‍പ് ജോലി സ്ഥലത്തേക്ക് പോയത്.ഇളയെ മകനെ എഴുത്തിനിരുത്തുകയും ചെയ്തു. വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് വിഷ്ണുവിന്റെ മടക്കം.

Related Articles

Back to top button