
ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച കങ്‌പോക്പി ജില്ലയിലാണ് സംഭവം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലില്‍ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. രാവിലെ 10.30-ന് ദേശീയപാത-37 ല്‍ വെച്ചാണ് സംഭവമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ജൂണ്‍ 6-ാം തീയതി അജ്ഞാതരുടെ ആക്രമണത്തെ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടിരുന്നു.
സംഭവത്തെ തുടര്‍ന്ന് പ്രദേശം അശാന്തമായി തുടരുകയായിരുന്നു. സര്‍ക്കാര്‍ ഓഫീസുകളും എഴുപതോളം വീടുകളും ആക്രമിക്കപ്പെട്ടു. നൂറിലധികം പ്രദേശവാസികള്‍ പലായനം ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിരിബം ജില്ല സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പദ്ധതിയിട്ടത്. മെയ്തി വിഭാഗത്തില്‍പ്പെട്ട 59-കാരനാണ് കൊല്ലപ്പെട്ടത്. കര്‍ഷകനായ മധ്യവയസ്‌കന്‍ കൃഷിസ്ഥലത്തുനിന്ന് മടങ്ങവേ കാണാതാകുകയായിരുന്നു. പിന്നീടാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.





