Kozhikode

റേഡിയോളജിസ്റ്റ് തസ്തികയിൽ നാലുമാസമായി ആളില്ല: താലൂക്ക് ആശുപത്രിയിൽ യു.എസ്.ജി. സ്കാനിങ് നിലച്ചു

Please complete the required fields.




താമരശ്ശേരി : കോഴിക്കോടിനും വൈത്തിരിക്കും ഇടയിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ഒരേയൊരു സർക്കാർ ആശുപത്രി, മലയോരമേഖലയിലെ നൂറുകണക്കിന് സാധാരണക്കാരുടെ ആശ്രയകേന്ദ്രം. ഇത്തരത്തിൽ പ്രാധാന്യമുള്ള താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ യു.എസ്.ജി. (അൾട്രാ സോണോഗ്രാം) സ്കാനിങ് സംവിധാനം നിലച്ചിട്ട് നാലുമാസം പിന്നിടുന്നു. നൂറിലധികം പ്രസവക്കേസുകൾ പ്രതിമാസം കൈകാര്യം ചെയ്യുന്ന താലൂക്ക് ആശുപത്രിയിലാണ് ഏറിയപങ്കും ഗർഭിണികൾ ആശ്രയിക്കുന്ന സ്കാനിങ് സംവിധാനം, റേഡിയോളജിസ്റ്റിന്റെ അഭാവത്തിൽ ഉപയോഗക്ഷമമല്ലാതായത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും കുട്ടികളും പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരുമെല്ലാം ആശ്രയിച്ചിരുന്നതാണ് താലൂക്ക് ആശുപത്രിയിലെ സ്‌കാനിങ് സൗകര്യം.

എം.ഡി. ഇൻ റേഡിയോ ഡയഗ്നോസിസ് ഡോക്ടർ തസ്തികയിലേക്ക് ആശുപത്രി വികസനസമിതിയാണ് റേഡിയോളജിസ്റ്റിനെ നിയമിച്ചിരുന്നത്. ആശുപത്രിയിലെ റേഡിയോളജിസ്റ്റ് കഴിഞ്ഞ നവംബർ ആദ്യവാരം പടിയിറങ്ങിയശേഷം ഇതുവരെ പകരം ആളെ നിയമിക്കാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. പിന്നീട് ആശുപത്രിയിൽ നിർമാണ, നവീകരണപ്രവൃത്തി നടത്തുന്നതിന്റെ ഭാഗമായി സ്കാനിങ് സെന്ററിന്റെ സ്ഥലത്തേക്ക് കാരുണ്യ ഫാർമസി മാറ്റിയിരുന്നെങ്കിലും അടുത്തിടെ പുതിയ കെട്ടിടത്തിലേക്ക് സ്കാനിങ് സെന്റർ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. പ്രവർത്തനം നിലച്ചതുകാരണം ആശുപത്രിയിലെ ഗുണനിലവാരമുള്ള സ്‌കാനിങ് സംവിധാനം ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് സൗജന്യമായും സാധാരണക്കാർക്ക് മിതമായ നിരക്കിലും ഉപയോഗപ്പെടുത്താനാവുന്നില്ല. എങ്കിലും ജനനി ശിശു സുരക്ഷ കാര്യക്രം, കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി തുടങ്ങിയ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ആശുപത്രിക്കു സമീപത്തെ സ്വകാര്യ ലാബുമായി സഹകരിച്ച് പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ സ്‌കാനിങ് സേവനം ലഭ്യമാക്കുന്നുണ്ട്.

അതിനാൽത്തന്നെ നിലവിലെ പ്രശ്നം സൗജന്യ സ്കാനിങ്ങിന് അർഹതയുള്ളവരെ ബാധിക്കില്ലെന്നാണ് ആശുപത്രി അധികൃതരുടെ പക്ഷം. എന്നാൽ വിവിധ ശസ്ത്രക്രിയയ്ക്കെത്തുന്നവർ ഉൾപ്പെടെ ആരോഗ്യപദ്ധതികളുടെ പരിധിയിൽ പെടാത്തവർക്ക് ആശുപത്രിയിൽനിന്ന്‌ മിതമായ നിരക്കിലാണ് സ്കാനിങ് സേവനം ലഭ്യമായിരുന്നത്. അത് നിലച്ചതിനാൽ ഇപ്പോൾ ഇരട്ടിയോളം തുക നൽകി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടാത്ത ഇത്തരക്കാർക്ക്. ജനകീയ ആവശ്യങ്ങളെത്തുടർന്ന് അടിയന്തരമായി റേഡിയോളജിസ്റ്റിനെ നിയമിക്കാനുള്ള മുന്നൊരുക്കത്തിലാണ് ആശുപത്രി വികസനസമിതി. സൂപ്രണ്ട് ഫെബ്രുവരി 29-ന് വിരമിച്ചശേഷം താലൂക്ക് ആശുപത്രിയിൽ പുതിയ സൂപ്രണ്ടായി ഇതുവരെ ആരും ചുമതലയേറ്റിട്ടില്ല. ഇതും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.

Related Articles

Back to top button