പെരുവണ്ണാമൂഴിയിലേക്ക് ഓട്ടം വിളിച്ച് രണ്ടു പേര്‍; ജാനകിക്കാട് എത്തിയതോടെ മട്ടു മാറി; ക്രൂരമായി മര്‍ദിച്ച ശേഷം വെട്ടിക്കൊല്ലാൻ ശ്രമം: ഓട്ടോ ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് ഓട്ടം വിളിച്ച ശേഷം വിജനമായ സ്ഥലത്തെത്തിച്ച് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതായി പരാതി.തട്ടാർകണ്ടി മൊയ്തുവിനെയാണ് നാലംഗം സംഘം ആക്രമിച്ചത്. കൈവശമുണ്ടായിരുന്ന പണവും രേഖകളും അക്രമികള്‍ തട്ടിയെടുത്തെന്നാണ് പരാതി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. ആ ഓർമ്മയില്‍ തന്നെ മൊയ്തീൻ വിറകൊള്ളും.
വണ്ടി കേടായെന്നും പെരുവണ്ണാമൂഴി കൊണ്ടുവിടണമെന്നും ആവശ്യപ്പെട്ട് രണ്ട് പേർ മൊയ്തുവിന്റെ ഓട്ടോയില്‍ കയറി. ജാനകിക്കാടെത്തിയപ്പോള്‍ ഇവർ ഓട്ടോ നിർത്തിച്ച് മൊയ്തുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അക്രമികളുടെ പിടിയില്‍ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറില്‍ നിന്ന് ഇറങ്ങിവന്ന ഒരാള്‍ മൊയ്തുവിനെ വാള്‍ കൊണ്ട് വെട്ടാനും ശ്രമിച്ചതോടെ ഭയന്നു നിലവിളിച്ചു. കരച്ചില്‍ കേട്ട് നാട്ടുകാർ ഓടിയെത്തിയതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു.
കഴുത്തിനും നെഞ്ചിലും പരിക്കേറ്റ മൊയ്തുവിനെ ആദ്യം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അക്രമികളെ നേരത്തെ പരിചയം ഇല്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും മൊയ്തു പറഞ്ഞു. തന്റെ പക്കല്‍ ഉണ്ടായിരുന്ന വാച്ച്, ലൈസൻസ്, ആധാർ കാർഡ് എന്നിവയും മറ്റൊരാള്‍ ഏല്‍പ്പിച്ചിരുന്ന 54000 രൂപയും അക്രമികള്‍ കൊണ്ടുപോയെന്നും മൊയ്തുവിന്റെ പരാതിയില്‍ പറയുന്നു. തൊട്ടില്‍പ്പാലം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.





