India

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു: തൃശ്ശൂരില്‍ മുരളീധരൻ, ആലപ്പുഴയില്‍ വേണുഗോപാല്‍, വടകരയില്‍ ഷാഫി പറമ്ബില്‍

Please complete the required fields.




ന്യൂഡല്‍ഹി: അവസാന ഘട്ടത്തിലെ അപ്രതീക്ഷിത തലമാറ്റത്തിലൂടെ വോട്ടർമാർക്കിടയില്‍ അമ്ബരപ്പും അണികള്‍ക്കിടയില്‍ ആവേശവും സമ്മാനിച്ച്‌ കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക പുറത്ത്.
തൃശൂരില്‍ കെ. മുരളീധരൻ. വടകരയില്‍ ഷാഫി പറമ്ബില്‍. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍. കണ്ണൂരില്‍ കെ. സുധാകരൻ. വയനാട്ടില്‍ രാഹുല്‍ ഗാന്ധിതന്നെ.

ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഒരാഴ്ചമാത്രം ബാക്കിനില്‍ക്കേയാണ്, തൃശൂരിലും വടകരയിലും മുന്നൊരുക്കങ്ങളിലേക്ക് കടന്ന സിറ്റിങ് എം.പിമാരായ സ്ഥാനാർഥികളെ മാറ്റിക്കൊണ്ടുള്ള കോണ്‍ഗ്രസിന്‍റെ അപ്രതീക്ഷിത നീക്കം. തൃശൂരില്‍ ചുവരെഴുത്ത്, പോസ്റ്റർ, മണ്ഡല പര്യടനം തുടങ്ങിയവയുമായി മുന്നോട്ടുപോയ ടി.എൻ. പ്രതാപൻ മാത്രമാണ് വീണ്ടും മത്സരിക്കാത്ത ഏക സിറ്റിങ് എം.പി. വടകരയില്‍ കെ. മുരളീധരനുവേണ്ടിയുള്ള ഒരുക്കങ്ങളത്രയും പിൻവലിച്ചാണ് പാലക്കാട് സിറ്റിങ് എം.എല്‍.എ ഷാഫി പറമ്ബിലിനെ രംഗത്തിറക്കിയത്.

കോണ്‍ഗ്രസ് വിട്ട് പത്മജ വേണുഗോപാല്‍ ബി.ജെ.പിയില്‍ ചേക്കേറിയ അസാധാരണ സാഹചര്യം കൂടി വന്നതോടെയാണ് വലിയ ട്വിസ്റ്റ് കൊണ്ടുവരാൻ പാർട്ടിനേതൃത്വത്തെ പ്രേരിപ്പിച്ചത്. അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയില്‍ സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കിയ ബി.ജെ.പിയുടെ നീക്കങ്ങള്‍ക്ക് തടയിടാനും മുരളീധരന്‍റെ സ്ഥാനാർഥിത്വമാണ് കൂടുതല്‍ ഫലപ്രദമെന്നാണ് വിലയിരുത്തല്‍. നിയമസഭ തട്ടകമാക്കാൻ താല്‍പര്യപ്പെടുന്ന ടി.എൻ പ്രതാപൻ ഹൈകമാൻഡ് നിർദേശം സ്വാഗതം ചെയ്ത് പിന്മാറി.

പാലക്കാട് വിട്ട് ഷാഫി പറമ്ബില്‍ വടകരയില്‍ എത്തുന്നത് മനസ്സില്ലാ മനസ്സോടെയാണ്. അദ്ദേഹത്തിന്‍റെ മാറ്റം പാലക്കാട് നിയമസഭ സീറ്റിന്‍റെ ഭാവി ഭദ്രതയെക്കുറിച്ച്‌ കോണ്‍ഗ്രസിലും ആശങ്ക ഉയർത്തുന്നുണ്ട്. എന്നാല്‍, മുരളീധരൻ മാറുന്ന, ന്യൂനപക്ഷ വോട്ട് നിർണായകമായ വടകരയില്‍ മികച്ച സ്ഥാനാർഥിയായി ഷാഫിയെ നേതൃത്വം തെരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ആലപ്പുഴയില്‍ പരിഗണിക്കപ്പെട്ട മുസ്ലിം മുഖങ്ങള്‍ മാറി. കെ.സി. വേണുഗോപാല്‍ മത്സരിക്കണമെന്ന് തീരുമാനമായി.

കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനും വിമുഖത മാറ്റിവെച്ച്‌ ഹൈകമാൻഡ് നിർദേശപ്രകാരമാണ് വീണ്ടും മത്സരത്തിനിറങ്ങുന്നത്. വിവിധ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാർഥികളും വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർഥിത്വവും ഒന്നിച്ചു വന്നാല്‍ കേരളത്തില്‍നിന്ന് കൂടുതല്‍ സീറ്റ് നേടാമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തിയത്. ഇതോടെ കർണാടക, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്ന് രാഹുല്‍ ഗാന്ധിക്കുള്ള ക്ഷണം മാറ്റിവെച്ചു.

സ്ഥാനാർഥികള്‍
തിരുവനന്തപുരം: ശശി തരൂർ, ആറ്റിങ്ങല്‍: അടൂർ പ്രകാശ്, ആലപ്പുഴ: കെ.സി. വേണുഗോപാല്‍, മാവേലിക്കര: കൊടിക്കുന്നില്‍ സുരേഷ്, ഇടുക്കി: ഡീൻ കുര്യാക്കോസ്, പത്തനംതിട്ട: ആന്‍റോ ആന്‍റണി, എറണാകുളം: ഹൈബി ഈഡൻ, ചാലക്കുടി: ബെന്നി ബഹനാൻ, ആലത്തൂർ: രമ്യ ഹരിദാസ്, പാലക്കാട്: വി.കെ. ശ്രീകണ്ഠൻ, തൃശൂർ: കെ. മുരളീധരൻ, കോഴിക്കോട്: എം.കെ. രാഘവൻ, വയനാട്: രാഹുല്‍ ഗാന്ധി, വടകര: ഷാഫി പറമ്ബില്‍, കണ്ണൂർ: കെ. സുധാകരൻ, കാസർകോട്: രാജ്മോഹൻ ഉണ്ണിത്താൻ.

Related Articles

Back to top button