
എറണാകുളം: എറണാകുളം ജില്ലയിലെ താലൂക്ക്, ജനറല്‍ ആശുപത്രികളില്‍ കഴിഞ്ഞ മൂന്നുദിവസം മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രികളിലെ വികസനവും സെക്യൂരിറ്റി, സി.സി ടി.വി ക്യാമറ, പബ്ലിക് അഡ്രസ് സംവിധാനം, ഇ-ഹെല്‍ത്ത് എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
പരിശീലനം സിദ്ധിച്ചവരെ തന്നെ സുരക്ഷക്കായി നിയോഗിക്കും. സി.സി ടി.വി കാമറകള്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ ഉണ്ടെന്ന് ഉറപ്പാക്കും. പബ്ലിക് അഡ്രസ് സിസ്റ്റം എല്ലാ ആശുപത്രികളിലും ഉണ്ടാകണം. ജില്ലയിലെ ആശുപത്രികളെ ഇ- ഹോസ്പിറ്റലുകളായി ഉയര്‍ത്തുന്ന നടപടി വേഗത്തിലാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ആശുപത്രികളില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്താൻ ആവശ്യമായ നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ എം.എൽ.എമാരായ കെ. ബാബു, കെ.ജെ. മാക്സി, ആന്റണി ജോണ്‍, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളില്‍, മാത്യു കുഴല്നാടന്, അന്‍വര്‍ സാദത്ത്, കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





