
അരൂർ: അരൂക്കുറ്റി റോഡിൽ ഇല്ലത്തുപടി കവലയിൽ ബൈക്കിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി. ബൈക്ക് യാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് ദേശീയപാതയിൽനിന്ന് അരൂക്കുറ്റി വഴി ചേർത്തല ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് ബൈക്കിലേക്ക് ഇടിച്ചുകയറിയത്.
ബൈക്ക് പൂർണമായും തകർന്നു. ഒരു മാരുതിക്കാറിൽ തട്ടിയശേഷം നിയന്ത്രണംതെറ്റിയ ബസ് വലത്തോട്ടുതിരിയുന്നതുകണ്ട ബൈക്ക് യാത്രികൻ ചാടി രക്ഷപ്പെടുകയുമായിരുന്നു. ബൈക്ക് യാത്രികൻ പൂച്ചാക്കൽ തിരുവിൽ വീട്ടിൽ പ്രേംനാഥിന് പരിക്കുണ്ട്. കാറിന്റെ പെട്രോൾ ടാങ്ക് ഭാഗം തകർന്നു. നിയന്ത്രണം തെറ്റിയ ബസ് ഇലക്ട്രിക് പോസ്റ്റും ഇടിച്ചുതകർത്തു.
ഇതോടെ പ്രദേശങ്ങളിൽ രാവിലെ മുതൽ വൈദ്യുതി നിലച്ചു. പുനഃസ്ഥാപിക്കുവാൻ കഴിഞ്ഞത് വൈകീട്ടാണ്. അരൂർ-അരൂക്കുറ്റി റോഡിൽ അപകടം മൂലം ഏറെനേരം ഗതാഗതവും സ്തംഭിച്ചു.





