
തിരുവനന്തപുരം : ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തിരുവനന്തപുരത്ത് ബീച്ചിലേക്കുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. ജില്ലയില്‍ അതിശക്തമായ മഴ തുടരുന്നതിനാലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കഴിഞ്ഞ ദിവസം ജില്ലയിൽ ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യവും കൂടി കണക്കിലെടുത്താണ് നടപടി എടുത്തിരിക്കുന്നത് .
അതേസമയം ഗംഗയാർ തോടിനു കുറുകേയുള്ള വിഴിഞ്ഞം ഹാർബർ നടപ്പാലത്തിനു താഴെ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യം അടിയന്തരമായി നീക്കം ചെയ്യാനും, തെറ്റിയാർ തോട് ഒഴുകുന്ന കരിമണൽ എന്ന സ്ഥലത്ത് തോട്ടിലേക്ക് കടപുഴകി വീണ മരം മുറിച്ചു മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കാനും ബന്ധപ്പെട്ടവർക്ക് കളക്ടർ നിർദേശം നൽകി. ഒപ്പം കനത്ത മഴ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
തെക്കൻ ജില്ലകളിൽ പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ ഇന്ന് കൂടി പെയ്തേക്കാം.അടുത്ത ആഴ്ചയോടെ കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള പിന്മാറ്റത്തിന്റെ സൂചനയായി മലയോര മേഖലയിൽ ഉച്ചക്ക് ശേഷം ഇടി മിന്നലോടു കൂടിയ മഴക്ക് ആരംഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു.




