
താമരശ്ശേരി : എ.ഇ.ഒ. ഓഫീസ് ഉപരോധസമരത്തിൽ പങ്കെടുത്ത താമരശ്ശേരിയിലെ മുസ്ലിം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരേ ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് ചുമത്തിയ കള്ളക്കേസ് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ പോലീസ് സ്റ്റേഷനുമുന്നിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം നടത്തുമെന്ന് എം.കെ. മുനീർ എം.എൽ.എ. പറഞ്ഞു.
താമരശ്ശേരി സ്റ്റേഷനിലെ മുൻ പ്രിൻസിപ്പൽ എസ്.ഐ. സസ്പെൻഷനിലായ സംഭവത്തിൽ മറ്റ് പോലീസുദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
താമരശ്ശേരി എ.ഇ.ഒ. ഓഫീസ് ഉപരോധ സമരത്തിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കൾക്കും പ്രവർത്തകർക്കുതിരേ ജാമ്യമില്ലാവകുപ്പുകൾ ചേർത്ത് കേസെടുത്തതിനെതിരേ കൊടുവള്ളി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി താമരശ്ശേരിയിൽ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.കെ. മുനീർ.
ജനാധിപത്യരീതിയിലുള്ള സമരത്തിന്റെ പേരിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരോട് കൊടും ക്രിമിനലുകളെപ്പോലെയാണ് പോലീസ് പെരുമാറുന്നതെന്നും വീടുകളിൽച്ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് വി.എം. ഉമ്മർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.എ. റസാഖ് മുഖ്യപ്രഭാഷണം നടത്തി. ടി.ടി. ഇസ്മായിൽ, എ.പി. മജീദ്, എ. അരവിന്ദൻ, ടി.കെ. മുഹമ്മദ്, കെ.എം. അഷ്റഫ്, താര അബ്ദുറഹിമാൻ ഹാജി, പി.സി. മുഹമ്മദ്, കെ.കെ.എ. ഖാദർ, കെ.പി. മുഹമ്മദൻസ് തുടങ്ങിയവർ സംസാരിച്ചു.





