
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാൻസിലേക്ക്. മടക്കയാത്രയിൽ 15ന് അബൂദബിയിൽ. 26 റഫാൽ പോർ വിമാനങ്ങളും രണ്ട് സ്കോർപീൻ അന്തർവാഹിനികളും വാങ്ങുന്നതടക്കം സുപ്രധാന പ്രതിരോധ ഇടപാടുകൾ മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമാണ്.ഇന്ത്യയിൽ വിമാന എൻജിൻ സംയുക്തമായി നിർമിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചേക്കും.
ഹാരാഷ്ട്രയിലെ ജയ്താപുരിൽ 1650 മെഗാവാട്ട് ആണവോർജ നിലയം നിർമിക്കുന്നതുമായി ബന്ധപ്പെട്ട കരാർ ചർച്ചകളും ഉണ്ടാവും.ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തുന്ന മോദി, ബാസ്റ്റിലെ ദിന പരേഡിലെ വിശിഷ്ടാതിഥിയാണ്.
ഫ്രാൻസിൽ നിന്ന് നേരത്തെ ഇന്ത്യ വാങ്ങിയ 36ൽ മൂന്ന് റഫാൽ പോർവിമാനങ്ങളും പരേഡിനൊപ്പമുള്ള വ്യോമാഭ്യാസങ്ങളിൽ പങ്കെടുക്കും.
സുരക്ഷ, ആണവോർജ സാങ്കേതിക വിദ്യ, സൈബർ സുരക്ഷ എന്നിവ സന്ദർശനത്തിൽ പ്രധാന ചർച്ച വിഷയങ്ങളാണ്. പാരിസിൽ നിന്ന് 15ന് അബൂദബിയിലെത്തുന്ന നരേന്ദ്ര മോദി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഊർജം, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സാങ്കേതിക വിദ്യ, പ്രതിരോധം തുടങ്ങിയ രംഗങ്ങളിലെ സഹകരണം ചർച്ച ചെയ്യും. സെപ്റ്റംബറിൽ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പ്രത്യേകാതിഥിയാണ് യു.എ.ഇ.





