
മലപ്പുറം: നിലമ്പൂരിൽ തേനെടുക്കുന്നതിനിടെ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു . ഇന്നലെ രാത്രിയാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത എന്ന 40 വയസുകാരനെയാണ് കരടി ആക്രമിച്ചത്. ഇയാൾക്ക് കാലിനാണ് പരുക്കേറ്റത്. തലനാരിഴയ്ക്കാണ് യുവാവ് കരടിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്. തേനെടുക്കാനായി ഇയാൾ കാട്ടിലേക്ക് പോകുമ്പോൾ കരടി ഇയാളുടെ പിന്നാലെ കൂടുകയായിരുന്നു .
സാഹസികമായി വള്ളിയിൽ പിടിച്ചുതൂങ്ങി മരത്തിൽ കയറിയാണ് വെളുത്ത രക്ഷപ്പെട്ടത്. എന്നാൽ മരത്തിൽ കയറുന്നതിനിടെ കരടി ഇയാളുടെ പിന്നാലെ വന്ന് വലതുകാലിന്റെ തുടയിൽ ആക്രമിക്കുകയായിരുന്നു.
കരടി അകന്നുകഴിഞ്ഞെന്ന് ഉറപ്പായ ശേഷം ഇയാൾ പരുക്കേറ്റ കാലുകളോടെ ഒറ്റയ്ക്ക് നടന്ന് കോളനിയിലെത്തി വിവരം പറയുകയായിരുന്നു. പിന്നീട് കോളനി നിവാസികൾ വെളുത്തയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു . ആദ്യം നിലമ്പൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിച്ച് ചികിത്സ നൽകി വരികയാണ്.





