Kozhikode

കോഴിക്കോട് ജില്ലയിൽ 63 എ.ഐ. ക്യാമറകൾ പ്രവർത്തിച്ചുതുടങ്ങി

Please complete the required fields.




കോഴിക്കോട് : ഗതാഗതനിയമലംഘനം കണ്ടെത്താൻ ജില്ലയിലെ പ്രധാന റോഡുകളിൽ മോട്ടോർവാഹനവകുപ്പ് സ്ഥാപിച്ച 63 എ.ഐ. (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾ വ്യാഴാഴ്ച പ്രവർത്തിച്ചുതുടങ്ങി. ഒരു മാസത്തേക്കുകൂടി ബോധവത്കരണത്തിന് സമയം നീട്ടിനൽകിയതായി മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചതിനാൽ മേയ് 19 വരെ മറ്റ് നടപടികളുണ്ടാവില്ലെന്ന് ആർ.ടി.ഒ. അറിയിച്ചു.

കോഴിക്കോട്ട് കൺട്രോൾ റൂമും ഉപകരണങ്ങളും തയ്യാറാണെങ്കിലും സാങ്കേതികകാര്യങ്ങൾ ഇനിയും സജ്ജീകരിക്കാനുണ്ട്. കെൽട്രോണിന്റെ നേതൃത്വത്തിൽ ഇതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ക്യാമറകൾ ചിത്രങ്ങൾ പകർത്തുന്നുണ്ടെങ്കിലും ഒരു മാസത്തേക്ക് തുടർനടപടികളൊന്നുമുണ്ടാവില്ല.

പകർത്തുന്ന ചിത്രങ്ങൾ തിരുവനന്തപുരത്തെ സെൻട്രൽ കൺട്രോൾ റൂമിലേക്കാണ് പോവുന്നത്. അവിടെനിന്നാണ് കോഴിക്കോട്ടുള്ള വിവരങ്ങളെടുക്കുക. തുടർന്ന് മെസേജ് അയക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ജില്ലയിൽനിന്ന് ചെയ്യും. പ്രധാന ജങ്ഷനുകളിലും ദേശീയപാതയിലുമാണ് പരിവാഹൻ സൈറ്റുമായി ബന്ധപ്പെടുത്തി ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ മുമ്പുള്ള നിരീക്ഷണക്യാമറകളിൽ ഒമ്പതെണ്ണമാണ് ഇപ്പോഴുമുള്ളത്. 14 എണ്ണമുണ്ടായിരുന്നതിൽ ഹൈവേ വീതികൂട്ടലിന്റെ ഭാഗമായി മറ്റുള്ളവ എടുത്തുമാറ്റുകയായിരുന്നു.

അതിവേഗം, അനധികൃത പാർക്കിങ്, ഹെൽമെറ്റ് ഇല്ലാതെ വണ്ടിയോടിക്കൽ, സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിക്കുക, വണ്ടിയോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കുക, ഇരുചക്രവാഹനങ്ങളിൽ മൂന്നുപേർ യാത്രചെയ്യുക തുടങ്ങിയ ഗതാഗതനിയമലംഘനങ്ങൾക്ക് പുതിയ ക്യാമറ വരുന്നതോടെ കുരുക്കുവീഴും.

Related Articles

Leave a Reply

Back to top button