
തൃശൂര്‍: പിതാവിനെയും അമ്മയുടെ സഹോദരിയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. കൂടാതെ 3 കൊല്ലം കഠിന തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചു. തളിക്കുളം എടശ്ശേരി മമ്മസ്രയില്ലത്ത് വീട്ടില്‍ ഷഫീഖിനെ (32) യാണ് തൃശൂര്‍ ജില്ലാ അഡീഷണല്‍ ജഡ്ജി പി എന്‍ വിനോദ് ശിക്ഷിച്ചത്. കേസില്‍ ഐപിസി 302, 326 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
2019 ഡിസംബര്‍ 27നാണ് ദാരുണമായ സംഭവം നടന്നത്. ഭാര്യയോടൊത്ത് മാറി താമസിച്ചിരുന്ന പ്രതി സംഭവ ദിവസം പിതൃഗൃഹത്തിലെത്തി സ്വത്ത് തര്‍ക്കം ഉണ്ടാക്കുകയായിരുന്നു. തുടര്‍ന്ന് രേഖകളും വീട്ടുപകരണങ്ങളും പുറത്തിട്ട് തീയിട്ടു. ഇത് തടയാന്‍ ശ്രമിച്ച പിതാവ് ജമാലുദ്ദീനെയും മാതാവ് ഫാത്തിമയെയും പ്രതി അതി ക്രൂരമായി മര്‍ദ്ദിക്കുകയും തുടര്‍ന്ന് പിതാവിനെ തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി തീയിലേക്ക് വലിച്ചിടുകയുമായിരുന്നു. മാതാവിനേയും അടിച്ചു. മാതാവ് ബോധരഹിതയായി വീണു. നിലവിളി കേട്ട് ഓടി വന്ന് തടഞ്ഞ മാതാവിന്റെ സഹോദരി കദീജയേയും പ്രതി മര്‍ദ്ദിക്കുകയും കല്ലു കൊണ്ടിടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
സംഭവ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പള്ളിയില്‍ നിന്ന് നിസ്‌കാരം കഴിഞ്ഞു വരികയായിരുന്ന ആളുകള്‍ തടഞ്ഞ് വെച്ച് പോലീസിലറിയിച്ചു. തുടര്‍ന്ന് വാടാനപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രതിക്ക് ജാമ്യം അനുവദിക്കാതെയായിരുന്നു വിചാരണ. പ്രതിക്ക് മാനസിക അസുഖമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അയതിനായി 9 സാക്ഷികളെ വിസ്തരിച്ചു. എന്നാല്‍ പ്രതി വൈരാഗ്യം മൂലമാണ് ക്രൂരകൃത്യം ചെയ്‌തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ: കെ ബി സുനില്‍കുമാര്‍, ലിജി മധു എന്നിവരാണ് ഹാജരായത്.





