Palakkad

പാലക്കാട് വീടിനകത്ത് ഉഗ്രസ്ഫോടനം; ആറ് പേർക്ക് പരിക്ക്

Please complete the required fields.




പാലക്കാട് : പാലക്കാട് തൃത്താലയ്ക്ക് സമീപം വീടിനകത്ത് ഉഗ്രസ്ഫോടനം. മലമക്കാവ് സ്വദേശി പ്രഭാകരൻ്റെ വീട് പൂർണമായി തകർന്നു. വീട്ടിലുണ്ടായിരുന്ന രണ്ട് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു.

ഗൃഹനാഥൻ മലമൽക്കാവ് കുന്നുമ്മൽ പ്രഭാകരൻ, ഭാര്യ ശോഭ, മകന്റെ ഭാര്യ വിജിത, വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ത് എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് അപകടം. അപകടത്തിൽ പ്രഭാകരന്റെ വീട് പൂർണ്ണമായും തകർന്നു. വീട്ടിൽ രണ്ട് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിച്ചിട്ടില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. പട്ടാമ്പിയിൽ നിന്ന് ഫയർ ഫോഴ്സെത്തിയാണ് തീയണച്ചത്. തൃത്താല പൊലീസും സ്ഥലത്തെത്തി.

സ്‌ഫോടനത്തിൽ സമീപത്തെ അഞ്ച് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകൾ സ്‌ഫോടനത്തിൽ പൊട്ടി വീണു. ഇതേതുടർന്ന് മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

പ്രഭാകരൻ സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയാണ്. സ്ഫോടനത്തിന്റെ പ്രകമ്പനം 10 കിലോ മീറ്റർ ചുറ്റളവിൽ അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. ഫോറൻസിക് വിഭാഗം നാളെ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും.

ഫോറൻസിക് പരിശോധനക്ക് ശേഷമേ സ്ഫോടന കാരണം കണക്കാക്കാനാകൂ എന്നാണ് ഫയർ ഫോഴ്‌സ് പറയുന്നത്. പട്ടാമ്പി തലൂക്ക്‌ തഹസിൽദാർ ടിപി കിഷോർ ആണ് രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിച്ചത്.

Related Articles

Leave a Reply

Back to top button