
കോതമംഗലം: കോതമംഗലം താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ തഹസിൽദാരോട് റിപ്പോർട്ട് തേടി എ ഡിഎം. ഈ മാസം ആറിനാണ് സഹപ്രവർത്തകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായി ഉദ്യോഗസ്ഥർ കൂട്ട അവധി എടുത്തത്. കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധി വിവാദമായതിൻ്റെ പശ്ചാത്തലത്തിലാണ് നടപടി .
റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാനാണ് നിർദ്ദേശം. കൂട്ട അവധിയെടുത്ത് ജീവനക്കാർ വിനോദയാത്ര പോയ സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി കെ രാജൻ അറിയിച്ചിരുന്നു. കുറ്റക്കാരായ ജീവനക്കാരെ സർക്കാർ സംരക്ഷിക്കില്ലെന്നും. അന്വേഷണത്തിന് പത്തനംതിട്ട കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
കോന്നി താലൂക്ക് ഓഫീസിൽ 20 ജീവനക്കാർ ലീവ് എടുക്കാതെയും 19 ജീവനക്കാർ ലീവിന് അപേക്ഷ നൽകിയും ആണ് മൂന്നാറിലേക്ക് ടൂറിന് പോയത്. വിവിധ ആവശ്യങ്ങൾക്ക് മലയോരമേഖലകളിൽ നിന്ന് ആളുകൾ എത്തി ഓഫീസിന് പുറത്ത് കാത്തിരുന്നപ്പോൾ ആയിരുന്നു ജീവനക്കാരുടെ ഈ വിനോദയാത്രയ്ക്ക് പോക്ക്. കാത്തിരുന്ന ആളുകൾ കാര്യം നടക്കാതിരുന്നതോടെ ഓഫീസിൽ നിന്ന് മടങ്ങുകയും ചെയ്തു.





