
കോഴിക്കോട് : നാദാപുരം അരൂരിൽ മദ്രസ പരിസരത്ത് നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയിൽ. നാദാപുരം പേരോട് സ്വദേശി തട്ടാറത്ത് വീട്ടിൽ അബൂബക്കറിന്റെ മകൻ നൗഷാദിനെ (34)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്.
അരൂർ കല്ലും പുറം മദ്രസാ പരിസരത്ത് വെച്ചാണ് ഇയാൾ പിടിയിലാത്. ഇയാൾ സഞ്ചരിച്ച കെ എൽ 18 എസി 3303 നമ്പർ സ്വിഫ്റ്റ് കാറിൽ പോലീസ് നടത്തിയ പരിശോധനയിൽ 350 പാക്കറ്റ് ഹാൻസ്, 125 പാക്കറ്റ് കൂൾ ലിപ്പ്, തുടങ്ങിയ പുകയില ഉത്പന്നങ്ങളും 12450 രൂപയും കണ്ടെത്തി. കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
മേഖലയിൽ വിവിധ സ്ഥലങ്ങളിൽ സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പുകയില ഉല്പന്നങ്ങൾ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നൗഷാദ്. മാസങ്ങൾക്കു മുമ്പ് പേരോട് സ്കൂൾ പരിസരത്ത് വിദ്യാർത്ഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിറ്റ സംഭവത്തിൽ ഇയാൾ റിമാൻഡിൽ ആയിരുന്നു.
സ്കൂൾ വിദ്യാർത്ഥിനികൾക്ക് കഴിഞ്ഞദിവസം അജ്ഞാതനായ ഒരാൾ ചോക്ലേറ്റ് നൽകിയ സംഭവം ഉണ്ടായിരുന്നു. വിദ്യാർത്ഥിനികൾ ഈ വിവരം നാട്ടുകാരെ അറിയിച്ചിരുന്നു. തുടർന്ന് സിസിടിവി ദൃശ്യങ്ങളിൽ യുവാവിനെയും ഇയാൾ സഞ്ചരിച്ചിരുന്ന കാറും പോലീസ് തിരിച്ചറിഞ്ഞു.
ശേഷം നാട്ടുകാരും പോലീസും നിരീക്ഷണം ശക്തമാക്കിയതോടെയാണ് നൗഷാദിനെ പിടികൂടിയത്. ജുവൈനുൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.





