
ഓമശ്ശേരി: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതാ നവീകരണത്തിൽ ഓമശ്ശേരി റീച്ചിൽ അടിമുടി അപാകതയുള്ളതായി പരാതി. പ്രവൃത്തി തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പലയിടത്തും ഓവുചാലുകളുടേതടക്കം നിർമാണം പൂർത്തിയാക്കിയിട്ടില്ല. ഓമശ്ശേരി അങ്ങാടിയിലാണ് റോഡ് നവീകരണത്തിനുനേരെ പരാതികൾ ഉയർന്നത്.
സംസ്ഥാനപാതയിലേക്കെത്തുന്ന മുഴുവൻ ഇടറോഡുകളും താഴ്ന്നനിലയിലായതുമൂലം കാലം തെറ്റിയെത്തിയ മഴയിൽത്തന്നെ ഇവിടം ചെളിക്കുളമായതും ഇടറോഡിൽ തങ്ങിക്കിടക്കുന്ന വെള്ളം സംസ്ഥാന പാതയോരത്തെ ഓവുചാലിലേക്ക് ഒഴുക്കിവിടാനുള്ള സംവിധാനം കരാർക്കമ്പനി ചെയ്യാത്തതും പരാതി ഉയർത്തുന്നുണ്ട്. റോഡിനും ഓവുചാലിനും ഇടയിൽ കോൺക്രീറ്റ് ചെയ്യുകയോ മണ്ണിടുകയോ ചെയ്യാത്തതിനാൽ ഇരുചക്രവാഹനമുൾപ്പെടെ കുഴിയിൽവീണ് ഒട്ടേറെ അപകടങ്ങളുണ്ടാവുന്നുണ്ട്. ഓവുചാലുകൾക്ക് മുകളിലിട്ട മിക്ക കോൺക്രീറ്റ് സ്ളാബുകളും ഇളകുന്നതും പരാതിക്കിടയാക്കുന്നുണ്ട്.
ഇരുവശങ്ങളിൽനിന്നുമായി നിർമാണം പൂർത്തിയാക്കിവന്ന ഓമശ്ശേരി അങ്ങാടിയിലെ ഓവുചാലുകൾ പലതും പല ഉയരത്തിലാണുള്ളത്. ഇതുമൂലം രൂപപ്പെട്ട വിടവുകൾ കാൽനടയാത്രക്കാർക്ക് അപകടക്കെണിയാകുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു.
പലയിടത്തും സ്വകാര്യ വ്യക്തികൾക്കുവേണ്ടി ഓവുചാലുകളുടെ അലൈൻമെന്റ് മാറ്റിയതായും ആരോപണമുണ്ട്. റോഡിലുള്ള കലുങ്കുകൾക്ക് കുറുകെയിട്ട യൂട്ടിലിറ്റി കേബിളുകളുടെ വിന്യാസത്തിനും കമ്പനിക്കെതിരേ പരാതി ഉയർന്നിട്ടുണ്ട്.
പരാതികളുമായി കരാർക്കമ്പനി പ്രതിനിധികളെ ഒട്ടേറെത്തവണ സമീപിച്ചിട്ടും വകുപ്പുമന്ത്രിക്കും സ്ഥലം എം.എൽ.എക്കും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥർക്കും മറ്റും ഒട്ടേറെത്തവണ പരാതി നൽകിയിട്ടും പരിഹാരമായില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കരാർക്കമ്പനിയുടെ നിരുത്തരവാദപരമായ പ്രവൃത്തികൾക്കുനേരെ ജനകീയ സമരസമിതി രൂപവത്കരിച്ച് പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ഓമശ്ശേരിക്കാർ.





