മധുവിധുമാറും മുമ്പേ ദുരന്തമെത്തി; തൂണേരി വെള്ളൂർ സ്വദേശി അർജുനിൻ്റെ മരണവാർത്ത ഉൾകൊളളാതാവാതെ ഉറ്റവർ

നാദാപുരം: ഒന്നര വർഷം പോലും തികയാത്ത ദാമ്പത്യത്തിന്റെ മനോഹരമായ ഓർമ്മകളും നോവും ബാക്കിയാക്കി അർജുൻ മടങ്ങി. ഖത്തറിലെ റാസ് ലഫാൻ ബർസാൻ ഗ്യാസ് ഫാക്ടറിയിലുണ്ടായ വൻ സ്ഫോടനത്തിൽ തൂണേരി വെള്ളൂർ സ്വദേശി കളരിയുള്ളതിൽ അർജുൻ (30) മരണപ്പെട്ട വാർത്തയറിഞ്ഞ് കണ്ണീരടക്കാനാവാതെ തകർന്നിരിക്കുകയാണ് നാടൊന്നാകെ .
ഏതാണ്ട് ഒരു വർഷവും അഞ്ചു മാസവും മുൻപായിരുന്നു അർജുന്റെയും അതുല്യയുടെയും വിവാഹം. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ഖത്തറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. ഫാക്ടറിയിലെ അറ്റകുറ്റപ്പണികൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ അർജുന് ജീവൻ നഷ്ടമാവുകയായിരുന്നു.
അപകടവിവരം ഇന്നലെയാണ് നാട്ടിലെ ബന്ധുക്കളെ തേടിയെത്തിയത്. മകന്റെ മരണവാർത്തയറിഞ്ഞ് അച്ഛൻ ബാബുവും അമ്മ സീനയും സഹോദരി വിസ്മയയും ഇപ്പോഴും ആ നടുക്കത്തിൽ നിന്ന് മുക്തരായിട്ടില്ല. താങ്ങായി മാറേണ്ട മകന്റെ വിയോഗവും, മരുമകൾ അതുല്യയുടെ കണ്ണീരും നാടിനെയാകെ ഉലച്ചിരിക്കുകയാണ്.
ഇറാൻ ആക്രമണത്തെ തുടർന്ന് അടച്ചിട്ട റാസ് ലഫാൻ വ്യവസായ കേന്ദ്രത്തിൽ ഉൽപാദനം പുനരാരംഭിക്കാനിരിക്കെയാണ് അപകടം. അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായതെന്നും ആക്രമണമല്ലെന്നും ഖത്തർ അറിയിച്ചു. മരിച്ചവരുടെയോ പരുക്കേറ്റവരുടെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വ്യവസായ കേന്ദ്രത്തിനു പുറത്തേക്കു വാതകച്ചോർച്ച ഉണ്ടായിട്ടില്ലെന്നാണു വിവരം.
എന്നാൽ, സ്ഫോടനം പ്രകൃതി വാതക ഉൽപാദനത്തെ ബാധിക്കില്ലെന്നു ഖത്തർ അറിയിച്ചു. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകും. കയറ്റുമതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഇന്നലെ 4 ടാങ്കറുകൾ ഹോർമുസ് വഴി ഖത്തർ തീരത്തെത്തി. 4 ടാങ്കറുകൾ കൂടി ഖത്തറിലേക്കു പുറപ്പെട്ടിട്ടുണ്ട്.





