
കോഴിക്കോട് : മദ്യത്തോടും മറ്റു ലഹരിവസ്തുക്കളോടുമുള്ള ആസക്തി സമൂഹത്തെ പൂർണമായി നശിപ്പിക്കുകയും എല്ലാവിധത്തിലും ക്ഷയിപ്പിക്കുകയും ചെയ്യുമെന്ന് പുരി ഗോവർധൻ മഠാധിപതി ശങ്കരാചാര്യ സ്വാമി നിശ്ചലാനന്ദ സരസ്വതി പറഞ്ഞു. രാഷ്ട്രോത്കർഷ അഭിയാൻ യാത്രയുടെ ഭാഗമായി കോഴിക്കോട്ടെത്തിയ സ്വാമി ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശ്രീനാരായണ സെന്റിനറി ഹാളിൽ നടത്തിയ മഹാസത്സംഗിൽ പ്രഭാഷണം നടത്തുകയായിരുന്നു.
ധാർമികശക്തി നശിച്ചാൽ വ്യക്തിക്കായാലും സമൂഹത്തിനായാലും എല്ലാവിധത്തിലുമുള്ള ക്ഷയമായിരിക്കും ഫലം. മനുഷ്യർ ഇന്ന് ആസക്തികൾക്ക് അടിമകളായി മാറുന്നു. ഈശ്വരനോടും ആധ്യാത്മികതയോടുംമുതൽ ദേശത്തോടും വസ്ത്രത്തോടുംവരെ ആസക്തിയുള്ളവരുണ്ട്. ലഹരിയോടുള്ള ആസക്തി കൂടിയത് സംസ്കാരത്തിന് ചേരാത്ത കാര്യങ്ങൾ സമൂഹത്തിലുണ്ടാക്കുന്നു. ഭൗതികതയിൽ മാത്രം മനസ്സ് അഭിരമിച്ചാൽ പഞ്ചഭൂതങ്ങൾക്ക് അപ്പുറമായി മറ്റൊന്നും കാണാനാവില്ല. യഥാർഥ ആധ്യാത്മികവാദി വിശാലമായ അർഥത്തിൽ വിശ്വപ്രപഞ്ചത്തെ വീക്ഷിക്കുന്നു.
ഹിന്ദുവോ മുസൽമാനോ ക്രിസ്ത്യാനിയോ സ്വന്തം ധർമം മാത്രം ശരിയെന്ന് ധരിച്ചുവശാകരുത്. ഭാരതത്തിന് ഇതൊന്നും അന്യമല്ല. യേശുദേവൻ 10 വർഷം ഭാരതത്തിൽ താമസിച്ചിട്ടുണ്ടെന്ന് ഐതീഹ്യമുണ്ട്. എല്ലാ ധർമങ്ങളുടെയും നന്മ നാം സ്വാംശീകരിക്കണം -സ്വാമി പറഞ്ഞു.
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, ചിന്മയാമിഷൻ ആചാര്യൻ സ്വാമി വിവിക്താനന്ദ, ബോധാനന്ദ ആശ്രമം ആചാര്യ സ്വാമിനി ശ്രുതി പ്രിയാനന്ദ സരസ്വതി, മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി ഷൈജിൻ ചൈതന്യ, കോർപ്പറേഷൻ കൗൺസിലർ അനുരാധാ തായാട്ട് എന്നിവർ സംസാരിച്ചു. നേരത്തേ ക്ഷേത്രയോഗം ഭാരവാഹികൾ വൈസ് പ്രസിഡന്റ് പറോളി സുന്ദർദാസ്, സെക്രട്ടറി കെ.ഇ. സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിൽ സ്വാമിയെ സ്വീകരിച്ചു.





