
താമരശ്ശേരി : നാളികേരം, റബ്ബർ തുടങ്ങിയ വിളകൾക്കുണ്ടായ വിലയിടിവ് തടയാൻ സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് താമരശ്ശേരി രൂപതാ അധ്യക്ഷനും കേരളകർഷക അതിജീവന സംയുക്തസമിതി രക്ഷാധികാരിയുമായ ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ.
ജില്ലാ കേരളകർഷക അതിജീവന സംയുക്തസമിതി നേതൃത്വ പരിശീലനക്യാമ്പ് താമരശ്ശേരി മേരിമാതാ കത്തീഡ്രൽ പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബഫർ സോൺ, ഇ.എസ്.എ. തുടങ്ങിയ വിഷയങ്ങളിൽ 2019-ൽ ഇറക്കിയ മന്ത്രിസഭാതീരുമാനം റദ്ദുചെയ്യാതെ സുപ്രീംകോടതിയിൽ പോയിട്ട് എന്തുകാര്യമാണുള്ളതെന്നും ഇപ്പോഴത്തെ തീരുമാനം ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള ഗൂഢനീക്കമാണെന്നും ബിഷപ്പ് പറഞ്ഞു.
കാസ് കോഴിക്കോട് ജില്ലാകമ്മിറ്റി ചെയർമാൻ മോൺ. ജോൺ ഓറവുങ്കര, രൂപതാ ചാൻസിലർ ഫാ. ബെന്നി മുണ്ടനാട്ട്, കാസ് കൺവീനർ ബോണി ജേക്കബ് ആനത്താനം, സംസ്ഥാന നേതാക്കളായ ജോയി കണ്ണഞ്ചിറ, സുമിൻ എസ്. നെടുങ്ങാടൻ തുടങ്ങിയവർ സംസാരിച്ചു. വി.ബി. രാജൻ, രാഷ്ട്രീയ കിസാൻ മഹാ സംഘ് നാഷണൽ കോ-ഓർഡിനേറ്റർ കെ.വി. ബിജു, കാസ് കേരള കൺവീനർ ചാക്കോ കാളംപറമ്പിൽ, ജോയി കണ്ണഞ്ചിറ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.





