പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ വ്യാപാരികളെ വേട്ടയാടുന്നു; അഷ്റഫ് മൂത്തേടത്ത്

പൂനൂര്‍: പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ വ്യാപാരികളെ വേട്ടയാടുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടത്ത് പറഞ്ഞു. പൂനൂര്‍ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച സംസ്ഥാന, ജില്ലാ നേതാക്കള്‍ക്കുള്ള സ്വീകരണ പരിപാടി പൂനൂര്‍ വ്യാപാര ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയുമായി രംഗത്തിറങ്ങുന്ന ഉദ്യോഗസ്ഥരെ ചെറുക്കാന്‍ വ്യാപാരി സമൂഹം രംഗത്തിറങ്ങും. തുമ്പിയെക്കൊല്ല് കല്ലെടുപ്പിക്കുന്ന നടപടിയുമായി ചില ഉദ്യോഗസ്ഥര്‍ ഇറങ്ങിയിരിക്കുകയാണ്. വ്യാപാരികള്‍ നിയമങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ ഒരു വിഭാഗത്തെ മാത്രം പിഴയടപ്പിച്ചും മറ്റും ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി.എസ് മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാപ്പു ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി ജിജി കെ തോമസ്, ട്രഷറര്‍ വി സുനില്‍കുമാര്‍, യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സലീം രാമനാട്ടുകര, ജനറല്‍ സെക്രട്ടറി മുര്‍താസ് താമരശ്ശേരി, നീളം കൂടിയ കേക്ക് നിര്‍മിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് നേടിയ ഷമീര്‍ വട്ട്ക്കണ്ടി, കലാംസ് റെക്കോഡ് കരസ്ഥമാക്കിയ കാരുണ്യതീരം വിദ്യാര്‍ത്ഥി അലന്‍ ഐമന്‍, സംസ്ഥാന ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട താര അബ്ദറുഹ്‌മാന്‍ ഹാജി, നിയോജകമണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍,സി.കെ അബ്ദുല്‍അസീസ് ഹാജി എന്നിവരെ ആദരിച്ചു. ചടങ്ങില്‍ ആശ്വാസ് പദ്ധതി ഉദ്ഘാടനവും പ്രതീക്ഷ പരസ്പ്പര സഹായ നിധി നറുക്കെടുപ്പ് ഉദ്ഘാടനവും നടന്നു. ജനറല്‍ സെക്രട്ടറി മുനവ്വര്‍ അബൂബക്കര്‍ സ്വാഗതവും ട്രഷറര്‍ പി മൊയ്തീന്‍ ഹാജി നന്ദിയും പറഞ്ഞു.





