
കോഴിക്കോട് :19 വർഷം മുൻപു ഖരമാലിന്യ നിർമാർജനത്തിനു വാഹനം വാങ്ങി കടക്കെണിയിലായ കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളുടെ വായ്പ കോർപറേഷൻ ഏറ്റെടുക്കുന്നു.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ചു കൊണ്ടുപോകുന്നതിനായി ഗുഡ്സ് ഓട്ടോകൾ വാങ്ങി കടക്കെണിയിലായ കുടുംബശ്രീക്കാരെ സഹായിക്കുന്നതിനാണ് കോർപറേഷൻ അവരുടെ വായ്പ തിരിച്ചടയ്ക്കാനുള്ള നടപടികൾ തുടങ്ങിയത്.
വിവിധ ബാങ്കുകളിൽ നിന്നു വായ്പയെടുത്ത വകയിൽ കോടികളുടെ കുടിശികയായി ജപ്തി ഭീഷണിയിലായിരുന്നു പല കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളിലെ ലീഡർമാരും. ഇതിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നെടുത്ത വായ്പയുടെ കാര്യത്തിലാണ് ഏകദേശ ധാരണയായത്. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്ന് 44,84,750 രൂപയായിരുന്നു 27 ഗ്രൂപ്പുകൾ വായ്പ എടുത്തിരുന്നത്. പലിശ ഉൾപ്പെടെ ഇത് 2 കോടി 63 ലക്ഷത്തോളം രൂപ കുടിശികയായിരുന്നു. ഈ തുകയാണു 23 ലക്ഷം അടവാക്കി തീർപ്പാക്കാൻ കോർപറേഷൻ അധികൃതരുമായുള്ള ചർച്ചയിൽ ബാങ്ക് സമ്മതിച്ചത്. ഇക്കാര്യം സർക്കാരിനെ അറിയിക്കും.
സർക്കാർ അനുമതി പ്രകാരം വായ്പ തിരിച്ചടയ്ക്കാനാണ് കോർപറേഷൻ തീരുമാനം. ഇതിനു കോർപറേഷൻ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.2003-2004 കാലത്താണ് കുടുംബശ്രീ സംരംഭക ഗ്രൂപ്പുകൾ ഖരമാലിന്യ നിർമാർജനത്തിന് ഗുഡ്സ് ഓട്ടോ വാങ്ങിയത്. 51 ഗ്രൂപ്പുകളിൽ ഏതാണ്ട് 10 വീതം അംഗങ്ങളാണുള്ളത്. 2.5 ലക്ഷം രൂപയായിരുന്നു വായ്പ. ഗ്രൂപ്പ് ലീഡറുടെയും ഡപ്യൂട്ടി ലീഡറുടെയും പേരിലായിരുന്നു വായ്പ. എസ്ബിഐ, എസ്ബിടി, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് വായ്പ എടുത്തിരുന്നത്. വാഹനങ്ങൾ നിരന്തരം കേടുവന്നതും ഖരമാലിന്യ ശേഖരണത്തിൽ നിന്നു ഉദ്ദേശിച്ച വരുമാനം ലഭിക്കാതിരുന്നതുമെല്ലാം തിരിച്ചടിയായി.
തിരിച്ചടവുകൾ മുടങ്ങിയതോടെ കോടികളുടെ കുടിശികയാകുകയായിരുന്നു. പലർക്കും ബാങ്കുകളുടെ നോട്ടിസ് വരാൻ തുടങ്ങി. കേടായ വണ്ടികൾ നന്നാക്കാൻ പോലും പറ്റാത്ത രീതിയിലായിലുള്ളവയായിരുന്നു. വായ്പ തിരച്ചടയ്ക്കാനാകാഞ്ഞതോടെ പലർക്കും ജപ്തി നോട്ടിസ് വന്നിരുന്നു.തുടർന്ന് ഫെബ്രുവരിയിൽ ബാങ്ക് പ്രതിനിധികളുമായി കോർപറേഷൻ അധികൃതർ ചർച്ച നടത്തി.അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് രണ്ട് കോടിക്ക് മുകളിലുള്ള കുടിശിക 23 ലക്ഷം അടച്ച് തീർപ്പാക്കാൻ സമ്മതിച്ചത്. ശേഷിക്കുന്ന 24 ഗ്രൂപ്പുകൾക്കും ഇതേ രീതിയിൽ കുടിശികയുണ്ട്.
ഇവരുടെ എസ്ബിഐയിലുള്ള കുടിശിക തീർക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച നടക്കുന്നുണ്ടെന്ന് കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി.ദിവാകരൻ പറഞ്ഞു.





