Kerala

കളക്ടറെ അടുത്തറിഞ്ഞ് കുട്ടികൾ; സൗഹൃദസംവാദമായി ‘കുട്ട്യോളും കളക്ടറും’ ഏഴാം പതിപ്പിൽ എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ കളക്ടർക്കൊപ്പം

Please complete the required fields.




ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് കുട്ടികളിലൊരാളായി കളിച്ചും ചിരിച്ചും വിശേഷങ്ങൾ പങ്കുവെച്ചും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. ജില്ലാ ഭരണകൂടം സംഘടിപ്പിക്കുന്ന ‘കുട്ട്യോളും കളക്ടറും’ സൗഹൃദ സംവാദപരിപാടിയുടെ ഏഴാം പതിപ്പിലാണ് എളേറ്റിൽ ജി.എം.യു.പി സ്കൂളിലെ വിദ്യാർഥികൾക്കൊപ്പം കളക്ടർ സമയം ചെലവഴിച്ചത്.

അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ 30 വിദ്യാർഥികളും ഏഴ് അധ്യാപകരുമടങ്ങിയ സംഘമാണ് കളക്ടറുമായി സംവദിക്കാനായി ചേംബറിലെത്തിയത്. കുട്ടികളുമായി സൗഹൃദം പങ്കുവെച്ച കളക്ടർ അവരിലൊരാളായി മാറി വിവിധ കളികളിലും പങ്കുചേർന്നു. ഇതോടെ പതിവ് ഗൗരവം നിറഞ്ഞ കളക്ടറുടെ ചേംബർ കളിചിരികളാൽ സജീവമായി.

‘ദി ലിസ്റ്റ്’, ‘ഹ്യൂമൻ ഷേപ്സ്’, ‘വിസ്പർ റിലേ’ തുടങ്ങിയ രസകരമായ ഐസ് ബ്രേക്കിങ് സെഷനുകളിലൂടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് കുട്ടികളുമായി നേരിട്ട് സംവദിച്ച കളക്ടർ അവരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ മറുപടി നൽകി. ‘കുട്ട്യോളും കളക്ടറും’ എന്ന പരിപാടിയുടെ ലക്ഷ്യമെന്തെന്ന കുട്ടികളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയ കളക്ടർ, ഈ കൂടിക്കാഴ്ച ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി മാറുമെന്നും കുട്ടികൾക്ക് അത് പ്രചോദനമാകുമെന്നും പറഞ്ഞു.

പഠനകാലത്തെ മറക്കാനാവാത്ത അനുഭവങ്ങൾ, കുട്ടികൾക്കുള്ള ഉപദേശങ്ങൾ, ജില്ലയിലെ വികസന കാഴ്ചപ്പാടുകൾ, കളക്ടറാകാൻ എന്തൊക്കെ പഠിക്കണം തുടങ്ങിയ വിഷയങ്ങളും സംവാദത്തിൽ കടന്നുവന്നു. പഠിച്ച് ജീവിതത്തിൽ ഉയരങ്ങളിലെത്തുന്നതിനൊപ്പം ചുറ്റുമുള്ളവരെയും ചേർത്തുപിടിക്കണമെന്നും അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി പിന്തുണയ്ക്കണമെന്നും കളക്ടർ കുട്ടികളോട് പറഞ്ഞു.

‘പഠിച്ച് പഠിച്ച് നല്ല മനുഷ്യരാവുക’ എന്ന സന്ദേശവും അവർ വിദ്യാർഥികൾക്ക് നൽകി. സ്കൂൾ പ്രധാനാധ്യാപകൻ എം.വി. അനിൽകുമാർ, അധ്യാപകരായ സി.കെ. അബ്ദുൽ അമീർ, കെ.എം. അരുൺജിത്, സവിത പി മോഹൻ, ടി.പി. സിജില, ഇ. ഷീല, കെ.ജി. പ്രജിഷ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button