Kannur

കണ്ണൂരിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം; ഫോറസ്റ്റ് ഓഫീസിന്റെ ചില്ലുകൾ തകർന്നു

Please complete the required fields.




കണ്ണൂർ: കണ്ണവം മേഖലയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി രണ്ടിടങ്ങളിലായി റോഡിൽ സ്റ്റീൽ ബോംബ് സ്‌ഫോടനം. കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപവും ചുണ്ടയിലുമാണ് സംഭവം. സ്‌ഫോടനത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കണ്ണവം പോലീസ് കേസെടുത്ത് വിപുലമായ അന്വേഷണം ആരംഭിച്ചു.

ഇന്ന് രാവിലെയാണ് രണ്ട് കേന്ദ്രങ്ങളിലായി സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തിയത്. റോഡിൽ സ്റ്റീൽ ബോംബ് എറിഞ്ഞ് പൊട്ടിച്ച നിലയിലായിരുന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെടുകയും റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. വിവരമറിഞ്ഞ് കണ്ണവം പോലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ നേരെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമായി ഇതിനെ പ്രാഥമികമായി കരുതുന്നില്ലെന്നാണ് പോലീസ് നിഗമനം. പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് റോഡിലേക്ക് ബോംബെറിഞ്ഞതാകാമെന്നാണ് പോലീസ് കരുതുന്നത്. കുറ്റക്കാരെ കണ്ടെത്താൻ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button