Palakkad

മനുഷ്യപ്പറ്റ് അല്പമെങ്കിലും ഉള്ളവർ ഇങ്ങനെ ചെയ്യുമോ..? ഇവർ നിർദേശിക്കുന്ന രീതിയിലാണോ നാട്ടിലെ കുട്ടികൾ ജീവിക്കേണ്ടത്’- കെ.പി. ശശികലയ്ക്കെതിരെ ആഞ്ഞടിച്ച് എം.ബി. രാജേഷ്

Please complete the required fields.




പാലക്കാട്: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മരിച്ച ഗോപികയെയും കുടുംബത്തെയും അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്ക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം നേതാവ് എം.ബി. രാജേഷ്.

‘വിശ്വഹിന്ദു പരിഷത്തിന്റെ ഒരു നേതാവ് ഉണ്ടല്ലോ, വർഗീയ വിഷം തുപ്പുന്ന ഒരു വനിത. അവർ ഈ കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തുകയല്ലേ ചെയ്യുന്നത്. മനുഷ്യപ്പറ്റ് അല്പമെങ്കിലും ഉള്ളവർ ഇങ്ങനെ ചെയ്യുമോ?. മകൾ മരിച്ച ദുഃഖത്തിൽ ഇരിക്കുന്ന ഒരു കുടുംബത്തെ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഇവർ ഏത് ഹിന്ദുവിന്റെ കാര്യമാണ് ഈ പറയുന്നത്. ഏത് ഹിന്ദുവിന്റെ താല്പര്യം സംരക്ഷിക്കുന്നത്?

മകളെ നഷ്ടപ്പെട്ട ദുഃഖത്തിലിരിക്കുന്ന കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോപികയുടെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജേഷ്.രാത്രിയിൽ ചായ കുടിക്കാൻ പുറത്തിറങ്ങുന്നതിനെപ്പോലും കുറ്റപ്പെടുത്തുന്ന തരത്തിലാണ് ചിലർ പ്രതികരിക്കുന്നതെന്ന് രാജേഷ് വിമർശിച്ചു. ഇവർ നിർദേശിക്കുന്ന രീതിയിൽ മാത്രമാണോ നാട്ടിലെ കുട്ടികൾ ജീവിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു.

ഗോപികയുടെ അമ്മയുടെ ദുഃഖം എല്ലാവരും കണ്ടതാണെന്നും അത്തരമൊരു കുടുംബത്തോട് സാധാരണ മനുഷ്യർ കാണിക്കേണ്ട മര്യാദയെങ്കിലും പുലർത്തണമെന്നും രാജേഷ് ആവശ്യപ്പെട്ടു.അപകടത്തിൽ മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് ശശികലയുടെ അനുയായികളാണ് നേതൃത്വം നൽകുന്നതെന്നും രാജേഷ് ആരോപിച്ചു. പ്രതിക്കുവേണ്ടിയാണ് നിയമവും സർക്കാരും നിലകൊള്ളുന്നതെന്ന വിമർശനവും അദ്ദേഹം ഉന്നയിച്ചു. മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കാൻ തങ്ങൾ ഉറച്ചുനിൽക്കുമെന്നും രാജേഷ് വ്യക്തമാക്കി.

അതേസമയം, കെ.പി. ശശികലയുടെ പരാമർശങ്ങൾക്കെതിരെ ഗോപികയുടെ കുടുംബവും രംഗത്തെത്തി. ഗോപികയുടെ മാതാപിതാക്കളായ കരിമ്പ ഇടക്കുറിശ്ശി നിലാറ്റ മുള്ളൻകുഴിയിൽ പ്രദീപ് കുമാർ, സജിത, പിതൃസഹോദരൻ എം.ആർ. അനിൽകുമാർ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പ്രതിഷേധം അറിയിച്ചത്.
ഒരു മുസ്‌ലിം യുവാവിനൊപ്പം രണ്ട് ഹിന്ദു പെൺകുട്ടികൾ എന്തിനാണ് പോയതെന്ന തരത്തിലുള്ള ശശികലയുടെ പരാമർശം അംഗീകരിക്കാനാകില്ലെന്ന് കുടുംബം പറഞ്ഞു. മകളുടെ മരണത്തിൽ തകർന്നിരിക്കുന്ന തങ്ങളോട് മാനുഷികമായ പരിഗണനയെങ്കിലും കാണിക്കണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടു.

ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് കുടുംബം പുലർത്തുന്നയാളാണ് താനെന്നും മകൾ അച്ഛനോട് പറയാതെ എവിടെയും പോകാറില്ലായിരുന്നുവെന്നും പ്രദീപ് കുമാർ പറഞ്ഞു. കുടുംബത്തെക്കുറിച്ച് അറിയാതെയാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഗോപികയ്ക്കും കുടുംബത്തിനുമെതിരായ അധിക്ഷേപകരമായ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കുടുംബത്തിന്റെ വിമർശനങ്ങൾക്ക് പിന്നാലെ മാനനഷ്ടക്കേസ് നൽകുമെന്ന് കെ.പി. ശശികല ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ ആരോപിച്ചു. ദുഃഖത്തിലിരിക്കുന്ന കുടുംബത്തെ രാഷ്ട്രീയത്തിന്റെ പേരിൽ ഭയപ്പെടുത്താൻ ശ്രമിക്കരുതെന്ന് ഗോപികയുടെ പിതൃസഹോദരൻ എം.ആർ. അനിൽകുമാർ പറഞ്ഞു.

ശശികലയുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റുകൾക്കെതിരെ ആദ്യം ഡി.ജി.പിക്ക് പരാതി നൽകുകയാണ് വേണ്ടതെന്നും അനിൽകുമാർ ആവശ്യപ്പെട്ടു. അപകടത്തിൽ മകളെ നഷ്ടപ്പെട്ട കുടുംബത്തിനെതിരായ അധിക്ഷേപങ്ങളും സൈബർ ആക്രമണങ്ങളും അവസാനിപ്പിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം.

Related Articles

Back to top button