
തലശ്ശേരി: സ്വകാര്യ ബസ്സിൽ യാത്രക്കാർ കയറുന്നതിനിടെ ബസ്സ് മുന്നോട്ടെടുത്തു. ബസ്സിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ച് റോഡിലേക്ക് വീണു. ബസ്സിനടിയിൽപ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴക്ക്. തലശ്ശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ എട്ടേമുക്കാലോടെയാണ് ഞെട്ടിക്കുന്ന സംഭവം.
കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ വിദ്യാർത്ഥിനി കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കുട്ടി പൂർണ്ണമായി അകത്തുകയറി ഡോർ അടയ്ക്കുന്നതിന് മുൻപ് തന്നെ ജീവനക്കാർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നു. ഇതേത്തുടർന്ന് കാൽവഴുതി റോഡിലേക്ക് തെറിച്ചുവീണ പെൺകുട്ടി തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്.
അപകടം കണ്ട ഉടൻ തന്നെ ബസ് സ്റ്റോപ്പിന് സമീപം സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന്റെ ഡ്രൈവർ മൻസൂർ സമയോചിതമായി ഇടപെടുകയായിരുന്നു. അദ്ദേഹം ഉച്ചത്തിൽ ഹോൺ മുഴക്കുകയും ബസ് തടഞ്ഞുനിർത്തുകയും ചെയ്തതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. എന്നാൽ, ഇത്രയൊക്കെ ഗുരുതരമായ സംഭവം നടന്നിട്ടും ബസ് ജീവനക്കാർ തിരിഞ്ഞുനോക്കാൻ പോലും തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ബന്ധപ്പെട്ട അധികാരികൾക്കും ആർ.ടി.ഒയ്ക്കും പൊലീസിലും പരാതി നൽകിയിട്ടുണ്ട്.





