Kerala

വിവാഹത്തിൽനിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിൽ ശ്രുതി മനംനൊന്തെന്ന് കുടുംബം; പയ്യന്നൂരിൽ 24കാരിയുടെ മരണത്തിൽ പൊലീസ് അന്വേഷണം

Please complete the required fields.




പയ്യന്നൂർ: പയ്യന്നൂർ കാനായി സ്വദേശിനിയായ 24കാരിയെ പെരുമ്പ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽനിന്ന് പ്രതിശ്രുത വരൻ പിന്മാറിയതിനെ തുടർന്നുണ്ടായ മനോവിഷമമാണ് ശ്രുതിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പയ്യന്നൂരിലെ ഷോപ്പിങ് കോംപ്ലക്സിൽ ജീവനക്കാരിയായിരുന്ന ശ്രുതി കാനായി സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരുടെയും കുടുംബങ്ങൾ വിവാഹത്തിന് സമ്മതിക്കുകയും ജനുവരിയിൽ വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം നിശ്ചയിച്ച് രണ്ടുമാസത്തിനുശേഷം യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയെന്നാണ് കുടുംബം പറയുന്നത്.

യുവാവിന്റെ തീരുമാനത്തെ തുടർന്ന് ഇരുകുടുംബങ്ങളും പ്രശ്നം സംസാരിച്ച് പരിഹരിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാഹത്തിന് തയ്യാറല്ലെന്ന നിലപാടിൽ യുവാവ് ഉറച്ചുനിന്നതായി ബന്ധുക്കൾ പറയുന്നു.
പിന്നീട് വീടിന് സമീപത്തെ കൗൺസിലിങ് കേന്ദ്രത്തിൽ ഇരുവരും എത്തി. കൗൺസിലിങ്ങിനിടെയും ശ്രുതിയെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് യുവാവ് വ്യക്തമാക്കിയതായാണ് കുടുംബത്തിന്റെ വിശദീകരണം.

ഇതിനെത്തുടർന്ന് മനോവിഷമത്തിലായ ശ്രുതി കൗൺസിലിങ് കേന്ദ്രത്തിൽനിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. തുടർന്ന് യുവതി പെരുമ്പ പുഴയിൽ ചാടി ജീവനൊടുക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

തിങ്കളാഴ്ച രാത്രിയോടെ ശ്രുതി പുഴയിൽ ചാടിയതായാണ് ലഭ്യമായ വിവരം. തുടർന്ന് നടത്തിയ വ്യാപകമായ തിരച്ചിലിൽ യുവതിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ ഫയർഫോഴ്സ് സംഘവും മുങ്ങൽ വിദഗ്ധരും ചേർന്ന് തിരച്ചിൽ പുനരാരംഭിച്ചു. ഈ തിരച്ചിലിനിടെയാണ് പെരുമ്പ പുഴയിൽനിന്ന് ശ്രുതിയുടെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സംഭവത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ സംബന്ധിച്ച് അന്വേഷണത്തിലൂടെയാണ് കൂടുതൽ വ്യക്തത വരേണ്ടത്.

Related Articles

Back to top button