പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും

പാലക്കാട്: ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും ശിക്ഷ. തൃക്കടീരി സ്വദേശിയും സർക്കാർ ജീവനക്കാരനുമായ സുനിൽ വില്ലയിൽ സുനിൽ (49) ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ശിക്ഷ വിധിച്ചത്. പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ദിനേശ് എം. പിള്ളയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. പ്രതി 5 വർഷം കഠിന തടവ് അനുഭവിക്കണമെന്നും 50,000 രൂപ പിഴ ഒടുക്കണമെന്നുമാണ് കോടതി ഉത്തരവ്. ഈ പിഴത്തുക ഇരയായ കുട്ടിക്ക് നൽകാനും കോടതി വിധിയിലുണ്ട്.
2024-ൽ കല്ലടിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബസിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കല്ലടിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സബ് ഇൻസ്പെക്ടർമാരായ എം.വി. ജോർജ്ജ്, വി. നിജാം, എസ്.സി.പി.ഒ ശൈലജ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സന്ദീപ് കോടതിയിൽ ഹാജരായി.





