Kollam

നുഴഞ്ഞുകയറിയതല്ല, കോൺഗ്രസിന്റെതാണെന്ന് തെറ്റിദ്ധരിച്ച് ചെയ്തതാണ്’; കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് ബോർഡ് കീറിയ സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ

Please complete the required fields.




കൊല്ലം: കൊല്ലത്ത് എസ്എഫ്ഐ നടത്തിയ പ്രതിഷേധപ്രകടനത്തിനിടെ അന്തരിച്ച സിപിഎം നേതാവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഫ്‌ളെക്‌സ് ബോർഡ് തകർത്ത സംഭവത്തിൽ വിശദീകരണവുമായി അക്ബർ ഷാ രംഗത്ത്. കോൺഗ്രസിന്റെ ഫ്‌ളെക്‌സ് ബോർഡാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ അത് കീറിയതെന്നും സംഭവിച്ചത് വലിയ തെറ്റാണെന്ന് പൂർണ്ണമായി ബോധ്യപ്പെട്ടതായും അക്ബർ ഷാ വ്യക്തമാക്കി. താൻ പ്രകടനത്തിലേക്ക് അവിചാരിതമായി നുഴഞ്ഞുകയറിയതല്ലെന്നും കോടിയേരിയുടെ ഫ്‌ളെക്‌സ് നശിപ്പിച്ചതിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താൻ മുൻപ് എസ്എഫ്ഐ പ്രവർത്തകനും നിലവിൽ ഡിവൈഎഫ്ഐ പ്രവർത്തകനുമാണ്. ഇടക്കാലത്ത് വിദേശത്തേക്ക് പോയിരുന്നുവെങ്കിലും പ്രകടനം കണ്ടപ്പോൾ അതിൽ പങ്കുചേരുകയായിരുന്നു. എന്നാൽ, സംഭവത്തിന് ശേഷം പാർട്ടി നേതാക്കളും പ്രവർത്തകരും തനിക്ക് എസ്എഫ്ഐയുമായി ബന്ധമില്ലെന്ന് പരസ്യമായി പറയുന്നതിൽ കടുത്ത വിഷമമുണ്ടെന്നും അക്ബർ ഷാ കൂട്ടിച്ചേർത്തു. അതേസമയം, പ്രകടനത്തിനിടെ ഫ്‌ളെക്‌സ് തകർത്ത സംഭവത്തിൽ എസ്എഫ്ഐ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.

ഫ്ലക്സ് ബോർഡ് നശിപ്പിച്ച ആൾക്കെതിരെ കർശന നടപടിയെടുത്ത് കേസെടുക്കണമെന്നാണ് അവരുടെ ആവശ്യം. മുൻ എസ്എഫ്ഐ പ്രവർത്തകനാണ് ഫ്ലക്സ് നശിപ്പിച്ചതെന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റിന്റെ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെയാണ് എസ്എഫ്ഐ നേതൃത്വം പൊലീസിനെ സമീപിച്ചത്. വിവാദത്തിന് പിന്നാലെ, തകർക്കപ്പെട്ട ഫ്‌ളെക്‌സിന് പകരം അതേസ്ഥലത്ത് പുതിയ ഫ്‌ളെക്‌സ് ബോർഡ് എസ്എഫ്ഐ പ്രവർത്തകർ പുനഃസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button