21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ഇടുക്കി: 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന നല്‍കിയെന്ന് ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ആരോപണം. ജൂണില്‍ കാലാവധി കഴിഞ്ഞെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെ മരുന്ന് ഉപയോഗിച്ചില്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇടുക്കി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. സൂപ്രണ്ട് ഫാര്‍മസി അധികൃതരോട് റിപ്പോര്‍ട്ട് തേടി. ഭൂമിയാംകുളം സ്വദേശി സോബിന്‍ സണ്ണിയുടെ കുഞ്ഞിനാണ് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കിയത്.
ജലദോഷവും സ്‌കിന്‍ ഇന്‍ഫെക്ഷനുമായാണ് ആശുപത്രിയിലെത്തിയതെന്ന് സോബിന്‍ പറഞ്ഞു. ചെറിയ പ്രശ്‌നമേയുള്ളു ഓയിന്‍മെന്റ് ഉപയോഗിച്ചാല്‍ മതി എന്നാണ് ഡോക്ടര്‍ പറഞ്ഞത്. ഭാര്യയാണ് പോയി വാങ്ങിയത്. തിരിച്ചെത്തിയതിന് ശേഷം വെറുതെ ഓയിന്‍മെന്റ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് അപാകത ശ്രദ്ധയില്‍പെട്ടത്. 2024 ജൂണിലാണ് ഇതിന്റെ പ്രൊഡക്ഷന്‍ നടന്നിരിക്കുന്നത്. അതുകഴിഞ്ഞ് രണ്ട് വര്‍ഷം വരെ ഉപയോഗിക്കാമെന്നാണ് കവറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് രണ്ട് വര്‍ഷം കഴിഞ്ഞ് മൂന്ന് മാസമായിരിക്കുന്നു. ഇത്രയും വലിയ ഒരു അനാസ്ഥയാണ് മെഡിക്കല്‍ കോളജിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് – അദ്ദേഹം പറഞ്ഞു.
മരുന്ന് ഈ ഫാര്‍മസിയില്‍ നിന്നല്ല നല്‍കിയത് എന്നാണ് ചില ഫാര്‍മസി ജീവനക്കാര്‍ പറയുന്നത്.





