
കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടി വി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്. റെയ്ഡിന് പിന്നാലെ ആന്റോയെ ചോദ്യം ചെയ്യാന്‍ എസ്ഐടി തയാറെടുക്കുന്നതിനിടയിലാണ് മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്.
ചോദ്യം ചെയ്യുകയാണ് ലക്ഷ്യമെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ് കാസ്റ്റിങ് കമ്പനിയാണ് കേസിലെ രണ്ടാം പ്രതി.
അതിനിടെ, പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ആന്റോ കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയില്‍ എസ്.ഐ.ടി പരിശോധനയിലാണ് 6300 ഡോളര്‍ പിടികൂടിയിരുന്നത്. വ്യക്തിക്ക് കൈവശം വയ്ക്കാവുന്നതിലും അധികമാണ് ഈ തുക.
പിടിച്ചെടുത്ത ഡോളര്‍ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഡോളര്‍ തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ആന്റോ അഗസ്റ്റിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. ഡോളറുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുകയാണെന്നാണ് പോലീസിന്റെ നിലപാട്. ഇ.ഡിക്കും ഇന്‍കം ടാക്സിനും നിലവില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഡോളറിന്റെ സ്രോതസ്സ് അന്വേഷിച്ചു വരികയാണെന്നും പോലീസ് നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.





