‘ശസ്ത്രക്രിയയ്ക്കിടെ കണ്ണിനുള്ളിലേക്ക് ലെൻസ് ആഴ്ന്നുപോയി’; ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാ പിഴവ് പരാതി

ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ഗുരുതരമായ ചികിത്സാ പിഴവ് ആരോപണവുമായി വയോധികയുടെ കുടുംബം രംഗത്ത്. തിമിര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറാട്ടുപുഴ സ്വദേശിനി ലത (67) യ്ക്കാണ് ദുരനുഭവമുണ്ടായത്.
ശസ്ത്രക്രിയ നടക്കുന്നതിനിടെ കണ്ണിനുള്ളിൽ വെക്കേണ്ട ലെൻസ് കണ്ണിന്റെ ഉള്ളിലേക്ക് ആഴ്ന്നു പോയെന്നാണ് കുടുംബത്തിന്റെ പരാതി. ശസ്ത്രക്രിയയ്ക്കിടെ വലിയ പിഴവ് സംഭവിച്ചിട്ടും വിവരം ബന്ധുക്കളിൽ നിന്നും ആശുപത്രി അധികൃതർ മറച്ചുവെച്ചതായി ആരോപണമുണ്ട്. പിഴവ് സംഭവിച്ച വിവരം ഡോക്ടർമാർ പിന്നീട് തിരിച്ചറിഞ്ഞെങ്കിലും വീഴ്ച പരിഹരിക്കാനോ ആവശ്യമായ തുടർച്ചികിത്സ നൽകാനോ തയ്യാറാകാതെ കേസ് കൈയൊഴിയുകയായിരുന്നു എന്നും കുടുംബം വ്യക്തമാക്കുന്നു.
നേരത്തെയും സമാനമായ നിരവധി ചികിത്സാ പിഴവ് പരാതികൾ ഉയർന്ന ആലപ്പുഴ മെഡിക്കൽ കോളേജിനെതിരെ വീണ്ടും പരാതി ഉയർന്നത് രോഗികളിലും ബന്ധുക്കളിലും കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ് വയോധികയുടെ കുടുംബം.





