Thiruvananthapuram

മുതലപ്പൊഴി തെരച്ചിൽ ഊർജിതമാക്കും; മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സ്കൂബ ഡൈവേഴ്സിനെ ഉൾപ്പെടുത്തുമെന്ന് മന്ത്രി അബ്ദുൽ ഗഫൂർ

Please complete the required fields.




തിരുവനന്തപുരം: മുതലപ്പൊഴിയിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ സ്ക്രീനിംഗ് നടപടികൾ കൂടുതൽ ഊർജ്ജിതമാക്കിയതായി ഫിഷറീസ് വകുപ്പ് മന്ത്രി അബ്ദുൽ ഗഫൂർ. കാണാതായവരെ കണ്ടെത്താൻ സ്ക്രീനിംഗിൽ സ്‌കൂബ ഡൈവേഴ്‌സിനെയും ഉൾപ്പെടുത്തുമെന്നും, ഇവർക്കായി സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും, അതിനായി ഇപ്പോൾ നിലവിലുള്ള സംവിധാനങ്ങൾ പര്യാപ്തമല്ലെന്നും മന്ത്രി തുറന്നുസമ്മതിച്ചു. നിലവിലുള്ള മറൈൻ ആംബുലൻസിന്റെ പോരായ്മകൾ ചൂണ്ടിക്കാണിച്ച മന്ത്രി, പ്രശ്നങ്ങൾക്കെല്ലാം ശാശ്വതമായ പരിഹാരം കാണുമെന്നും എന്നാൽ രണ്ടു മാസം കൊണ്ട് പരിഹരിക്കാൻ കഴിയുന്നതല്ല വർഷങ്ങളായുള്ള ഇത്തരം പ്രതിസന്ധികളെന്നും വ്യക്തമാക്കി.

കടലിൽ പോകുന്നവർക്കുള്ള സുരക്ഷാ മുന്നറിയിപ്പുകൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും ഹാർബറുകൾ കേന്ദ്രീകരിച്ച് തന്നെ മുന്നറിയിപ്പ് സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, മത്സ്യത്തൊഴിലാളികൾക്കായി ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളെല്ലാം സർക്കാർ കൃത്യമായി നടപ്പിലാക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

9 ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; തീരത്ത് കടുത്ത അമർഷം

മുതലപ്പൊഴിയിൽ നിന്ന് കടലിൽ പോയി മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായിട്ട് ഒമ്പത് ദിവസം പിന്നിട്ടിട്ടും തിരച്ചിൽ നടപടികൾ മന്ദഗതിയിലാണെന്നാരോപിച്ച് തീരദേശത്ത് വൻ പ്രതിഷേധമാണ് ഇരമ്പുന്നത്.അഞ്ചുതെങ്ങിൽ നിന്ന് കാണാതായ ഷിജിന്റെ ഭാര്യയും മക്കളും നാട്ടുകാരും കഴിഞ്ഞ ദിവസം കോസ്റ്റൽ പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. കാണാതായവരെ കണ്ടെത്തുമെന്ന വെറും വാക്കുകളല്ല, അടിയന്തരവും പ്രായോഗികവുമായ നടപടികളാണ് വേണ്ടതെന്ന് കുടുംബം ആവശ്യപ്പെട്ടു.

തിരച്ചിൽ വൈകുന്നതിനിടെ വിഷയത്തിൽ കൃത്യമായ ഉത്തരമില്ലാതെ ഒഴിഞ്ഞുമാറാൻ ശ്രമിച്ച ഫിഷറീസ് മന്ത്രിയുടെ മുൻ നിലപാടുകളിൽ വലിയ ജനരോഷമാണ് പ്രദേശവാസികൾക്കിടയിൽ ഉയർന്നിരുന്നത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ തിരച്ചിൽ ഊർജ്ജിതമാക്കുമെന്ന ഉറപ്പുമായി മന്ത്രി രംഗത്തെത്തിയത്.

Related Articles

Back to top button