Ernakulam

തണുക്കാതെ സ്വർണവില…! വൈകീട്ടും കുതിപ്പ്; പവന് 1000 രൂപ കൂടി 1,10,920 രൂപയായി

Please complete the required fields.




കൊച്ചി: സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. വെള്ളിയാഴ്ച വൈകീട്ടും സംസ്ഥാനത്ത് സ്വർണ വില വർധിച്ചു. ഗ്രാമിന് 125 രൂപ കൂടി 13,865 രൂപയിലെത്തി. പവന് 1000 രൂപ കൂടി 1,10,920 രൂപയായി. രാവിലെ ഗ്രാമിന് 15 രൂപ വർധിച്ച് 13,740 രൂപയിലും പവന് 120 രൂപ കൂടി 1,09,920 രൂപയിലും എത്തിയിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ വില പിടിവിട്ട് ഉയരുന്നത് സ്വർണം വാങ്ങാനിരിക്കുന്നവരുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. മൂന്ന് ദിവസം കൊണ്ട് 5,320 രൂപയാണ് കൂടിയത്.

ജൂലൈ മാസത്തിലെ യുഎസ് എ.ഡി.പി സ്വകാര്യ തൊഴിൽ റിപ്പോർട്ട് പ്രതീക്ഷിച്ചതുപോലെ 44,000 തൊഴിലവസരങ്ങളുടെ വർധന രേഖപ്പെടുത്തിയതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്താരാഷ്ട്ര സ്വർണ്ണവില വർധിച്ചത്. സ്പോട്ട് ഗോൾഡ് സ്വർണം ഔൺസിന് 4,277.01 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. 35.75 ഡോളറാണ് ഇന്ന് കൂടിയത്. 0.84 ശതമാനമാണ് വർധന.

അന്തരാഷ്ട്ര വിപണിയിൽ സ്വർണത്തിന്‍റെ ഡിമാൻഡ് കൂടിയതാണ് വില ഉയരാൻ കാരണം. തൊഴിൽ വിപണിയിൽ പ്രതീക്ഷിച്ചതിലും ദുർബലമായ സാഹചര്യം തുടരുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ കൂടുതൽ സാധ്യതയുണ്ടെന്ന വിപണി പ്രതീക്ഷ ശക്തിപ്പെടുത്തി. അതിന്റെ പ്രതിഫലനമായാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകരെത്തുന്നത്.

ഡോളറിന്റെയും ട്രഷറി ബോണ്ട് വരുമാനത്തിന്റെയും ചലനങ്ങൾക്കൊപ്പം ഫെഡറൽ റിസർവിന്റെ തുടർ നയനിലപാടുകളും സ്വർണ്ണവിലയുടെ ദിശ നിർണയിക്കുന്ന പ്രധാന ഘടകങ്ങളായിരിക്കും. നിലവിലെ സാഹചര്യത്തിൽ ആഗോള സാമ്പത്തിക അനിശ്ചിതത്വവും പലിശനിരക്ക് പ്രതീക്ഷകളും സ്വർണ്ണത്തിന് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. ബുധനാഴ്ച രണ്ടു തവണയായി 2,080 രൂപ വർധിച്ചിരുന്നു. ഇന്നലെ ഗ്രാമിന് 265 രൂപയും പവന് 2,210 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് 1,09,800 രൂപയായിരുന്നു വില.

Related Articles

Back to top button