മരിച്ചവരുടെ കല്ലറപോലും വെറുതെ വിടാതെ കള്ളന്മാരുടെ വിളയാട്ടം; തിരുവല്ലയിൽ വീണ്ടും കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ചു

തിരുവല്ല: തിരുവല്ലയിൽ വീണ്ടും കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് പാളി മോഷ്ടിക്കപ്പെട്ടു. മല്ലപ്പള്ളി വെങ്കലശ്ശേരി മാർത്തോമ്മാ പള്ളിയിലെ കല്ലറയിൽ വിരിച്ചിരുന്ന ഗ്രാനൈറ്റ് പാളിയാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം മങ്കുഴപ്പള്ളി പള്ളിയിലെ കല്ലറയിൽ നിന്നും സമാന രീതിയിൽ ഗ്രാനൈറ്റ് മോഷണം നടന്നിരുന്നു. ഇതോടെ രണ്ട് പള്ളികളിലെ കല്ലറകളിലാണ് സമാന മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആറടി നീളവും മൂന്നടി വീതിയുമുള്ള വലിയ ഗ്രാനൈറ്റ് പാളികളാണ് മോഷണം പോയത്. മല്ലപ്പള്ളി മാർത്തോമ്മാ പള്ളിയിൽ എല്ലാ ഞായറാഴ്ചയും സെമിത്തേരിയിൽ പ്രത്യേക ആരാധന നടക്കാറുണ്ട്. പതിവുപോലെ ആരാധനയ്ക്കെത്തിയ വിശ്വാസികളാണ് കല്ലറയിലെ ഗ്രാനൈറ്റ് പാളി നഷ്ടപ്പെട്ടതായി ആദ്യം ശ്രദ്ധിച്ചത്.
മങ്കുഴപ്പള്ളിയിലെ മോഷണവുമായി ബന്ധപ്പെട്ട് ഇടവക അധികൃതരുടെ പരാതിയെ തുടർന്ന് കീഴ്‍വായ്പൂർ പൊലീസ് നേരത്തേ തന്നെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് മോഷണങ്ങൾക്കും പിന്നിൽ ഒരേ സംഘമാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വളരെ ഭാരമേറിയ ഗ്രാനൈറ്റ് പാളികളായതിനാൽ ഒരാൾക്ക് മാത്രമായി അവ മാറ്റിക്കൊണ്ടുപോകാൻ കഴിയില്ലെന്നും, പിക്കപ്പ് ട്രക്ക് പോലുള്ള വലിയ വാഹനങ്ങളുമായെത്തിയ സംഘമാണ് മോഷണത്തിന് പിന്നിലെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
സിസിടിവി ക്യാമറകളില്ലാത്ത സെമിത്തേരികളെയാണ് സംഘം ലക്ഷ്യമിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. അതിനാൽ സമീപത്തെ പ്രധാന റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കല്ലറയിൽ നിന്ന് ഗ്രാനൈറ്റ് പാളികൾ മോഷ്ടിച്ചതിന് പ്രധാനമായും മോഷണക്കുറ്റമാണ് ചുമത്തുക. ഭാരതീയ ന്യായ സംഹിത സെക്ഷൻ 303 പ്രകാരം ഇതിന് മൂന്ന് വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം.
എന്നാൽ, മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിൽ സെമിത്തേരിയിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയതായി തെളിഞ്ഞാൽ കൂടുതൽ ഗുരുതര വകുപ്പുകളും ചുമത്താൻ സാധ്യതയുണ്ട്. BNS സെക്ഷൻ 301 പ്രകാരം ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം.





