പ്രധാനമന്ത്രിയെ അവഹേളിച്ചെന്ന പരാതി; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തു.ബിജെപി മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ജാൻമണി ദാസ് നടത്തിയ പരാമർശം വിവാദമായതോടെയാണ് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് ജാൻമണി ദാസ് രംഗത്തെത്തി. താൻ നടത്തിയ പ്രസ്താവനയിൽ ആരെയും വേദനിപ്പിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു. പരസ്യമായി മാപ്പ് ചോദിക്കാനും ആഗ്രഹമുണ്ടെന്ന് അറിയിച്ചു.
“പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ചല്ല ഞാൻ പറഞ്ഞത്. കണ്ടന്റുമായി ബന്ധപ്പെട്ട് ഒരു ചോദ്യം ചോദിക്കുക മാത്രമാണ് ചെയ്തത്. മോദിജിയെക്കുറിച്ചല്ല. ചിലപ്പോൾ ഞാൻ മലയാളം ശരിയായി പറയാത്തതാകാം കാരണം. ആരെയും വേദനിപ്പിക്കണമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല.
എന്റെ ഭാഗത്തുനിന്ന് തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഒരു ചെറിയ കുട്ടിയാണെന്ന് കരുതി ക്ഷമിക്കണം” എന്നും ജാൻമണി പറഞ്ഞു. പ്രസ്താവന നടത്തുന്നതിന് മുമ്പ് കാര്യങ്ങൾ പരിശോധിക്കേണ്ടതായിരുന്നുവെന്നും ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ താൻ പറഞ്ഞത് തെറ്റാണെന്ന് മനസ്സിലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളരെ വിഷമമുള്ളതിനാലാണ് വൈകിയാണെങ്കിലും വീഡിയോയിലൂടെ വിശദീകരണം നൽകുന്നതെന്നും ജാൻമണി വ്യക്തമാക്കി.





