കോഴിക്കോട് താമരശ്ശേരിയിൽ നഗ്നനായ യുവാവിന്റെ ഒളിഞ്ഞുനോട്ടം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: താമരശ്ശേരിയിൽ നഗ്നനായ അജ്ഞാത യുവാവിന്റെ വിളയാട്ടം. മുഖം മറച്ച് വീടുകളിലെത്തി ഒളിഞ്ഞുനോക്കിയ യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ നാട്ടുകാർ ഭീതിയിലായി.ഇന്ന് പുലർച്ചെയാണ് താമരശ്ശേരി പൊലീസ് സ്റ്റേഷന് സമീപത്തെ ഒരു വീട്ടിൽ അജ്ഞാതൻ എത്തിയത്.
മുഖം മറച്ച നിലയിലും നഗ്നനായുമായിരുന്നു യുവാവ്. വീടിന്റെ ജനവാതിലിലൂടെ അകത്തേക്ക് ഒളിഞ്ഞുനോക്കുന്നതും വീടിന്റെ മുൻവശത്തെ ഗേറ്റ് ചാടിക്കടന്ന് രക്ഷപ്പെടുന്നതും വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.ശബ്ദം കേട്ട് ഉണർന്ന വീട്ടമ്മ പുറത്തേക്ക് നോക്കിയപ്പോഴാണ് ഇയാളെ കണ്ടത്.
തുടർന്ന് ഇയാൾ പരിഭ്രാന്തനായി ഓടി രക്ഷപ്പെടുകയായിരുന്നു. പുലർച്ചെയുണ്ടായ സംഭവം നാട്ടുകാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.മാസങ്ങൾക്ക് മുൻപും സമീപ പ്രദേശങ്ങളിൽ ഇതേപോലെയുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അന്ന് പൊലീസിൽ നിന്ന് കാര്യമായ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
“പൊലീസ് സ്റ്റേഷന് തൊട്ടടുത്തുള്ള വീടുകളിൽ പോലും ഇതാണ് അവസ്ഥയെങ്കിൽ മറ്റു സ്ഥലങ്ങളിലെ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ എന്താകും” എന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കണമെന്നും ആവശ്യമുണ്ട്.സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
ദൃശ്യങ്ങളിലെ യുവാവിനെ തിരിച്ചറിയാനുള്ള ശ്രമം പുരോഗമിക്കുകയാണ്. സമീപത്തെ മറ്റ് ക്യാമറകളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്.
നഗ്നനായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട് സ്ത്രീകൾക്ക് ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നാട്ടുകാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സംശയകരമായ ആളുകളെ കണ്ടാൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണമെന്നും പൊലീസ് നിർദേശിച്ചു.





