കോറോ ഹെൽത്ത് കൂട്ട പിരിച്ചുവിടൽ; ജീവനക്കാർക്ക് അഞ്ച് മാസത്തെ ശമ്പളം കൂടി നൽകും, ചര്‍ച്ചയില്‍ ധാരണയായതായി മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: കോറോ ഹെൽത്തിലെ കൂട്ട പിരിച്ചുവിടൽ വിഷയത്തിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ നിർണായക ധാരണയായി. പിരിച്ചുവിടൽ നേരിട്ട ജീവനക്കാർക്ക് അഞ്ച് മാസത്തെ ഗ്രോസ് സാലറി മുഴുവൻ നൽകാൻ കമ്പനി സമ്മതിച്ചു.
ഈ തുക ഈ മാസം 26-ാം തീയതി തന്നെ വിതരണം ചെയ്യാമെന്നും കമ്പനി ഉറപ്പ് നൽകിയതായി മന്ത്രി അറിയിച്ചു.കൊച്ചി, കോഴിക്കോട് ഓഫീസുകളിൽ നിന്നായി 800-ലധികം ജീവനക്കാരെയാണ് കോറോ ഹെൽത്ത് പിരിച്ചുവിട്ടത്. ഇതോടെ യുവ തൊഴിലാളികൾക്കിടയിൽ വലിയ ആശങ്കയും പ്രതിഷേധവും ഉയർന്നിരുന്നു.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇടപെട്ടതായും ഇന്നത്തെ ചർച്ച ഫലപ്രദമായിരുന്നുവെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.”ജീവനക്കാരുടെ താൽപര്യങ്ങളും ആവശ്യങ്ങളും പരിഗണിച്ചുകൊണ്ടാണ് തീരുമാനം. അഞ്ചുമാസത്തെ ഗ്രോസ് സാലറി മുഴുവൻ തൊഴിലാളികൾക്കും നൽകാനാണ് ധാരണ.
26ന് തന്നെ നൽകാമെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്,” മന്ത്രി വ്യക്തമാക്കി. പിരിച്ചുവിടൽ നേരിടുന്നവർക്ക് മറ്റൊരു ജോലി തേടുമ്പോൾ നേരിടുന്ന അവഗണന ഒഴിവാക്കാനും കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ട്. പുതിയ ജോലി ലഭിക്കാൻ ആവശ്യമായ എല്ലാ രേഖകളും ജീവനക്കാർക്ക് കമ്പനി തിരികെ നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ധാരണയിൽ തങ്ങൾ സംതൃപ്തരാണെന്ന് കോറോ ഹെൽത്ത് പ്രതിനിധികളും അറിയിച്ചു. നിയമവശങ്ങളും മുന്നോട്ടുള്ള വെല്ലുവിളികളും മനസിലാക്കിക്കൊണ്ട്, കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച പരിഹാരമാണിതെന്ന് അവർ പറഞ്ഞു.ഉമാ തോമസ് എംഎൽഎ, ലേബർ കമ്മീഷണർ, സ്പെഷ്യൽ സെക്രട്ടറി, എറണാകുളം ലേബർ ഓഫീസർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.മുൻപ് നടന്ന ചർച്ചകളിൽ കമ്പനി അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. ഓഫീസ് തുറന്നു നൽകാൻ പോലും തയ്യാറായിരുന്നില്ല. ഓഫീസിലെത്തിയ ജീവനക്കാർക്ക് പലപ്പോഴും തിരികെ പോകേണ്ടി വന്നു. ദിവസങ്ങളായി കൊച്ചിയിലും കോഴിക്കോട്ടും ഓഫീസിന് മുന്നിൽ ജീവനക്കാർ പ്രതിഷേധം തുടരുകയാണ്. ഇന്നത്തെ ധാരണയോടെ പ്രതിഷേധം അവസാനിക്കുമെന്നാണ് പ്രതീക്ഷ.





