Ernakulam

അപ്രഖ്യാപിത കറണ്ട്കട്ട് മറ്റൊരു ജീവൻകൂടി എടുത്തു; മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

Please complete the required fields.




കൊച്ചി: എറണാകുളത്ത് പവർ കട്ടിനിടെ മെഴുകുതിരിയിൽ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം എളമക്കര സ്വദേശിനിയായ മറിയം പൈലി ആണ് മരിച്ചത്. 71 വയസായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന ഇവർ ബന്ധുക്കളില്ലാതെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 13-ാം തീയതി രാത്രി വീട്ടിൽ പെട്ടെന്ന് വൈദ്യുതി നിലച്ചു. ഇരുട്ടായതോടെ മറിയം പൈലി മെഴുകുതിരി കത്തിക്കാൻ ശ്രമിച്ചു. ഈ സമയത്ത് തെറ്റി വീണ മെഴുകുതിരിയിൽ നിന്ന് തീ വസ്ത്രത്തിലേക്ക് പടരുകയായിരുന്നു.
നാൽപ്പത് ശതമാനത്തോളം പൊള്ളലേറ്റു. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഇവരെ രക്ഷിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് മരണം സംഭവിച്ചു. മുൻകൂട്ടി അറിയിപ്പില്ലാതെയുള്ള വൈദ്യുതി മുടക്കത്തിൽ കെഎസ്ഇബിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

പവർകട്ട് കാരണം പാലക്കാട്ടും ദാരുണ സംഭവം ഉണ്ടായി. സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിലെ എം. കൃഷ്ണൻ (71) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രി ചികിത്സയ്ക്ക് ശേഷം കഴിഞ്ഞ ആഴ്ചയാണ് ഓക്സിജൻ കോൺസൻട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്ക് മടങ്ങിയത്.

വ്യാഴാഴ്ച രാത്രി 12 മണിയോടെ വൈദ്യുതി നിലച്ചു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ നിലച്ചതോടെ കൃഷ്ണന്റെ ശ്വാസതടസ്സം രൂക്ഷമായി. സിലിണ്ടർ പോലെ റീഫിൽ ചെയ്യാൻ കഴിയാത്തതിനാൽ കോൺസൻട്രേറ്ററിനെ ആശ്രയിക്കുന്ന രോഗികൾക്ക് പവർകട്ട് വലിയ ഭീഷണിയാണ്.

രാത്രി ഒരു മണിക്കൂറിലധികം നീളുന്ന വൈദ്യുതി മുടക്കം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ ഇടങ്ങളിലും ദിവസത്തിൽ പലതവണയായി വൈദ്യുതി പോകുന്നുണ്ട്. കാരണമറിയാൻ കെഎസ്ഇബി ഓഫീസുകളിൽ ബന്ധപ്പെട്ടാലും വ്യക്തമായ മറുപടി ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.വൈദ്യുതി മുടക്കം മനുഷ്യജീവനെ ബാധിക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടി വേണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

Related Articles

Back to top button