കരൂർ ദുരന്തം ജീവിതത്തിലെ ഏറ്റവും വലിയ വേദന, സ്റ്റാലിന്റേത് അഴിമതി ഭരണമായിരുന്നു’; വിമർശനങ്ങളുമായി മുഖ്യമന്ത്രി ജോസഫ് വിജയ്

ചെന്നൈ: മുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി കരൂർ സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. റോഡ് ഷോയ്ക്കിടെ ഉണ്ടായ ദുരന്തത്തിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗത്തിന് സർക്കാർ ജോലി നൽകുന്നതിനുള്ള ഉത്തരവ് കൈമാറാനാണ് വിജയ് കരൂരിലെത്തിയത്.
തിരുച്ചിറപ്പള്ളിയിൽ നിന്ന് റോഡ് മാർഗ്ഗമാണ് അദ്ദേഹം എത്തിയത്. ചടങ്ങിൽ പൊലീസിനും മുൻ സ്റ്റാലിൻ സർക്കാരിനുമെതിരെ വിജയ് കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.
കരൂരിലെ ദാരുണമായ സംഭവം പൊലീസിന്റെ വീഴ്ച മൂലം ഉണ്ടായതാണെന്ന് വിജയ് കുറ്റപ്പെടുത്തി. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റി. അപകട സമയത്ത് താൻ അവിടെനിന്ന് ഒളിച്ചോടിയെന്ന് വരെ പലരും പ്രചരിപ്പിച്ചു.
എന്നാൽ കരൂർ ദുരന്തം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദനയായിരുന്നുവെന്നും, മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ ദുരന്തത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നും വിജയ് പറഞ്ഞു. സ്റ്റാലിന്റെ ഭരണം അഴിമതിയുടെ കൂത്തരങ്ങായിരുന്നുവെന്നും ഭരണം മാറിയതോടെ സർക്കാർ ഓഫീസുകളെല്ലാം ജനസൗഹൃദമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 സെപ്റ്റംബർ 27-നായിരുന്നു കരൂരിൽ വിജയ്യുടെ റോഡ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച ദാരുണ സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ വിജയ് സ്ഥലം വിട്ടത് അന്ന് വലിയ രാഷ്ട്രീയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.





