Kozhikode

മേപ്പാടി മണ്ണിടിച്ചിലിൽ മരിച്ച മൂന്നുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി; വിമാനമാർഗ്ഗം കൊണ്ടുപോകും

Please complete the required fields.




കോഴിക്കോട്: മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗ്ഗം നാട്ടിലെത്തിക്കുന്നു. മധ്യപ്രദേശ് സ്വദേശി ചന്ദ്രബാൻ, ബിഹാർ സ്വദേശി വികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശി അൻമോൽ എന്നിവരുടെ മൃതദേഹങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് എംബാം ചെയ്തശേഷം നാട്ടിലേക്ക് അയക്കുന്നത്.

ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഇവർ. അപകടം നടന്ന സ്ഥലത്തുണ്ടായിരുന്ന എട്ടുപേരിൽ മൂന്നുപേരാണ് മരിച്ചത്. അഞ്ചുപേരെക്കൂടി ഇനിയും കണ്ടെത്താനുണ്ട്.
കമ്പനി മാനേജർ നെപ്പോളിയന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ എംബാം ചെയ്യാൻ തീരുമാനിച്ചത്. നടപടികൾ പൂർത്തിയാക്കിയശേഷം ആംബുലൻസുകളിൽ മൃതദേഹങ്ങൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.

ഇന്ന് രാത്രി ഒമ്പതു മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ അൻമോലിന്റെ മൃതദേഹം റാഞ്ചിയിലേക്ക് കൊണ്ടുപോകും. ചന്ദ്രബാന്റെയും വികാസ് കുമാർ സിങ്ങിന്റെയും മൃതദേഹങ്ങൾ നാളെ രാവിലെ അഞ്ചുമണിക്കുള്ള വിമാനത്തിൽ യഥാക്രമം ഭോപ്പാലിലേക്കും പട്നയിലേക്കും അയക്കും.

ചൊവ്വാഴ്ച രാത്രിയോടെയാണ് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചത്. മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ മുറിവുകൾ ഉണങ്ങുംമുമ്പേ വയനാട്ടിൽ നടന്ന മറ്റൊരു മണ്ണിടിച്ചിൽ നാടിനെ വീണ്ടും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മീനാക്ഷിപ്പാലത്തുണ്ടായ ഈ അപകടത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Related Articles

Back to top button