
കാഞ്ഞങ്ങാട്: എടിഎം കൗണ്ടറിന്റെ ചില്ല് ദേഹത്ത് വീണ് കാഞ്ഞങ്ങാട് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ മരിച്ചു. കർണാടക കോപ്പറേറ്റീവ് ബാങ്ക് അറ്റൻഡർ ബാലകൃഷ്ണൻ (56) ആണ് മരിച്ചത്.
ജോലി കഴിഞ്ഞ് സമീപത്തെ എടിഎം കൗണ്ടറിൽ പണമിടപാട് നടത്താൻ കയറിയ ബാലകൃഷ്ണൻ എടിഎം കൗണ്ടറിനുള്ളിൽ തെന്നി തലയിടിച്ച് വീഴുകയായിരുന്നു. ഇതിനിടയിൽ എടിഎം കൗണ്ടറിന്റെ ഗ്ലാസ് പൊട്ടി കൈയിലേക്ക് പതിക്കുകയും ചെയ്തു. സംഭവം ആദ്യം ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പിന്നീട് എടിഎം കൗണ്ടറിന് സമീപത്തുകൂടി പോയവരാണ് ബാലകൃഷ്ണനെ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11 മണിയോടെ മംഗലാപുരം വെൻലോക് ഹോസ്പിറ്റലിൽ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
മംഗലാപുരത്ത് തന്നെ താമസിച്ച് ജോലി ചെയ്യുന്ന ബാലകൃഷ്ണൻ ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് കാഞ്ഞങ്ങാട്ടേക്ക് വരുന്നത്. നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ പരേതരായ ദാമോദരൻ – സരോജിനി ദമ്പതികളുടെ മകനാണ് ബാലകൃഷ്ണൻ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയോടെ മൃതദേഹം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുവരും.
ഭാര്യ: ഭാരതി. മകൾ: ശ്രദ്ധ. സഹോദരങ്ങൾ: മംഗലാപുരത്തെ ബാങ്ക് ജീവനക്കാരായ ദിനകരൻ, ബാലചന്ദ്രൻ, ചന്ദ്രഹാസ (പ്രവാസി).





