Kannur

കനത്ത മഴയും ശക്തമായ കാറ്റും; കണ്ണൂരിൽ വ്യാപക നാശനഷ്ടം, മരങ്ങൾ കടപുഴകി വീണ് സ്ത്രീക്ക് പരിക്ക്

Please complete the required fields.




കണ്ണൂർ : ജില്ലയിൽ തിങ്കളാഴ്ച രാവിലെ ഉണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശം. ശക്തമായ കാറ്റിൽ പാനൂർ മൊകേരി പാത്തിപ്പാലത്ത് നിരവധി മരങ്ങൾ കടപുഴകി വീണ് നാശനഷ്ടമുണ്ടായി. സംഭവത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

ശക്തമായ കാറ്റിനെ തുടർന്ന് റോഡരികിലെ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തു. ഇതോടെ പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മരങ്ങൾ റോഡിലേക്ക് പതിച്ചതോടെ ഗതാഗതവും മുടങ്ങി. വളക്കൈ –കൊയ്യം റൂട്ടിൽ കൊയ്യം ഖാദിക്ക് സമീപം മരം റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി.

തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് സംഭവം. നാട്ടുകാരാണ് മരം മുറിച്ചു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. മയ്യിലിൽ രാവിലെ പെയ്ത കനത്ത മഴയിൽ മരംവീണ് നിരവധി വൈദ്യുതി തൂണുകൾ തകർന്നു.

കണ്ണൂർ ജില്ലയുടെ മലയോര മേഖലകളിൽ രാവിലെ കനത്ത മഴയും കാറ്റുമുണ്ടായി. പലയിടത്തും മരങ്ങൾ ഒടിഞ്ഞുവീണു. വ്യാപകമായ കൃഷിനാശമുണ്ടായി. കണ്ണൂർ, കാസർകോട് ജില്ലകളിൽ തിങ്കളാഴ്ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Related Articles

Back to top button