
കുറ്റ്യാടി : കുറ്റ്യാടി സഹോദരനെ കള്ളക്കേസിൽ കുടുക്കിയെന്ന തെറ്റിദ്ധാരണയെ തുടർന്ന് യുവാവിനെ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കാവിലുംപാറ അംശം ചപ്പാരത്ത്നട സ്വദേശികളായ നാരായണൻ പറമ്പത്ത്, അജേഷ് പറമ്പത്ത്, രാഹുൽ, നിഖിൽ, രവീന്ദ്രൻ എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ചപ്പാരത്ത്നട കുണ്ടുതോട് കാട്ടാങ്കോട്ട്മ്മൽ വീട്ടിൽ സുബിൻ (36) നാണ് മർദ്ദനമേറ്റത് . ജൂൺ 21-ന് വൈകിട്ട് ആറ് മണിയോടെ സുബിന്റെ വീടിനടുത്തുള്ള റോഡിൽ വെച്ചായിരുന്നു സംഭവം.
പ്രതികൾ സംഘം ചേർന്ന് സുബിനെ തടഞ്ഞുനിർത്തുകയും വടികൊണ്ടും മറ്റും അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒന്നാം പ്രതിയുടെ സഹോദരനെ സുബിൻ കള്ളക്കേസിൽ കുടുക്കിയതാണെന്ന തെറ്റിദ്ധാരണയാണ് മർദ്ദനത്തിന് കാരണമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.





