കാഞ്ഞിരപ്പള്ളിയിൽ പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു, അടുത്ത് ഇടപെഴുകിയ ഏഴ് പേര് പ്രത്യേക നിരീക്ഷണത്തിൽ

കോട്ടയം : കാഞ്ഞിരപ്പള്ളി കപ്പാട് പനി ബാധിച്ച് മരിച്ച യുവാവിന് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ചു. പനിയെ തുടർന്ന് നാല് ദിവസം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു യുവാവ്. ശേഷമാണ് കോട്ടയത്തെ ആശുപത്രിയില്‍ യുവാവിനെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലായിരിക്കെ നടത്തിയ പരിശോധനയിലാണ് എച്ച്1എന്‍1 സ്ഥിരീകരിച്ചത്. ഇതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങൾ ആരംഭിച്ചു.
മരണ കാരണം എച്ച്1എന്‍1 മൂലമാണെന്ന സംശയത്തെ തുടർന്ന് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു മരണാന്തര ചടങ്ങുകള്‍. ഇതിനുശേഷമാണ് അന്തിമ പരിശോധന ഫലം പുറത്തുവന്നത്. രോഗം ബാധിച്ച് മരിച്ച യുവാവുമായി നേരിട്ട് ബന്ധമുള്ള വീട്ടുകാരുടെ അടക്കം 22 പേരുടെ വിവരങ്ങൾ ആരോഗ്യ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.ഇതിൽ അടുത്ത് ഇടപെഴുകിയ ഏഴ് പേര് പ്രത്യേക നിരീക്ഷണത്തിലാണ്. കോണ്ടാക്ട് പട്ടികയിലുള്ളവര്ക്കാര്ക്കും രോഗലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.





