
താമരശ്ശേരി : അശാസ്ത്രീയ കോഴിയറവു മാലിന്യസംസ്കരണത്തിലൂടെ സ്വകാര്യ കോഴിയറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇരുതുള്ളിപ്പുഴ മലിനമാക്കുന്നത് തുടരുന്ന സാഹചര്യത്തിൽ നീതിനിഷേധത്തിനെതിരേ അവകാശ സംരക്ഷണ റാലി സംഘടിപ്പിച്ച് ഇരുതുള്ളിപ്പുഴ സംരക്ഷണസമിതി.
വലിയപെരുന്നാൾ ദിനത്തിൽ കാരാടി മുതൽ താമരശ്ശേരി വരെയാണ് റാലി നടത്തിയത്. അശാസ്ത്രീയ മാലിന്യസംസ്കരണവും പരിസരമലിനീകരണവും തുടർന്നാൽ സമരം ശക്തമാക്കുമെന്ന് സമിതി അറിയിച്ചു.
കോഴിക്കോട് ജില്ലാപഞ്ചായത്തംഗം പി.ജി. മുഹമ്മദ് അവകാശ സംരക്ഷണറാലി ഉദ്ഘാടനംചെയ്തു. സമിതി അധ്യക്ഷൻ കുടുക്കിൽ ബാബു അധ്യക്ഷനായി. താമരശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം പി.എ. അനിൽ കുമാർ, ഓമശ്ശേരി ഗ്രാമപ്പഞ്ചായത്തംഗം ഷാഹിന, പുഷ്പാകരൻ മഠത്തിൽ, ഷീജ ബാബു, ബിജു കണ്ണന്തറ, മുജീബ് കുന്നത്തുകണ്ടി, വി.കെ. ഇമ്പിച്ചിമോയി, അജ്മൽ ചുടലമുക്ക്, ഷരീഫ് പള്ളിക്കണ്ടി, ഷാനു കരിമ്പാലക്കുന്ന് എന്നിവർ സംസാരിച്ചു.





