ബാഗും ഫോണും കൈക്കലാക്കി, കഴുത്തിൽ തുണി കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു, കൊല്ലത്ത് ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി

കൊല്ലം: കൊല്ലം നഗരത്തിൽ ലോട്ടറി വിൽപനക്കാരനെ ക്രൂരമായി കൊലപ്പെടുത്തി. മുണ്ടയ്ക്കൽ വെസ്റ്റ് ഊരമ്പള്ളിയിൽ പത്മ വിലാസത്തിൽ രാജേന്ദ്രനെ(65) ആണ് അജ്ഞാതൻ ശ്വാസംമുട്ടിച്ചും ഇടിച്ചും അതിക്രൂരമായി കൊലപ്പെടുത്തിയത്.
പൊലീസ് പ്രതിക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. സാമ്പത്തിക ലക്ഷ്യമാണ് കൊലയ്ക്കു പിന്നിലെന്നാണു നിഗമനം. രാജേന്ദ്രന്റെ കൈവശമുണ്ടായിരുന്ന ബാഗും ഫോണും അക്രമി അപഹരിച്ചിട്ടുണ്ട്. സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിലേക്കുള്ള റോഡിൽ കാർ എസി വർക്‌ഷോപ്പിനു മുന്നിലാണ് ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് കൊലപാതകം നടന്നത്. ഏറെനാളുകളായി വീട്ടുകാരുമായി പിണങ്ങി കഴിയുകയായിരുന്നു രാജേന്ദ്രൻ. കഴിഞ്ഞ ഒരു മാസമായി വർക്‌ഷോപ്പിനു മുന്നിലായിരുന്നു രാത്രി കഴിച്ചു കൂട്ടിയിരുന്നത്.
കഴുത്തിൽ തുണി കൊണ്ടു മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണു നിഗമനം. തൊട്ടടുത്തുള്ള പൈപ്പിൽ മൃതദേഹം ബന്ധിച്ച നിലയിലായിരുന്നു. രാവിലെ 9 മണിയോടെ വർക്‌ഷോപ്പിലെത്തിയ തൊഴിലാളികളാണു രക്തത്തിൽ കുളിച്ച് നിലവിൽമൃതദേഹം കണ്ടത്. വർക്‌ഷോപ് ഉടമയാണ് പൊലീസിനെവിവരം അറിയിച്ചത്.
സംഭവ ദിവസം വെള്ള ഷർട്ടും കൈലിയും ധരിച്ച ഒരാൾ രാജേന്ദ്രൻ കിടക്കുന്ന സ്ഥലത്ത് ഏറെ നേരം നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചതോടെ രാജേന്ദ്രനുമായി മൽപ്പിടുത്തമുണ്ടായി. ബോധം നഷ്ടപ്പെട്ട രാജേന്ദ്രനെ കഴുത്തിൽ തുണി ചുറ്റി കെട്ടിവലിച്ചു വർക്‌ഷോപ്പിനു സമീപത്തെ ഇടനാഴിയിലേക്കു കൊണ്ടുപോയി.
രാജേന്ദ്രന്റെ കൈവശം ഉണ്ടായിരുന്ന കറുത്ത ബാഗുമായി കമ്മിഷണർ ഓഫിസിനു സമീപത്തേക്കു പ്രതി നടന്നു പോകുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇടനാഴിയിലേക്കു കെട്ടിവലിച്ചു കൊണ്ടുപോയ ശേഷം, മരണം ഉറപ്പാക്കാൻ മുഖത്ത് ഇടിച്ചു പരുക്കേൽപിക്കുകയും ചെയ്തു.
പിന്നീട് പൈപ്പിൽ കെട്ടിയിട്ട ശേഷം കൊലപാതകി രക്ഷപ്പെടുകയായിരുന്നു വെന്നാണ് പൊലീസ് പറയുന്നത്.സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നാണ് കൊലപാതകത്തിന്റെ നിർണായ ദൃശ്യങ്ങൾ ലഭിച്ചത്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് പരിശോധിക്കുകയാണ്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽക്കും. പരേതയായ ലത(മോളമ്മ), മക്കൾ: അരുൺ, ബിപിൻ.





