നിയന്ത്രണം വിട്ട ലോറി റോഡരികിലെ ക്ഷേത്രത്തിലേക്ക് മറിഞ്ഞ് അപകടം; അഞ്ചുവയസ്സുകാരനടക്കം മൂന്നുപേർക്ക് ദാരുണാന്ത്യം

അംറോഹ :നിയന്ത്രണം വിട്ട അമിതവേഗതയിലെത്തിയ ലോറി റോഡരികിലെ ക്ഷേത്രത്തിലേക്ക് മറിഞ്ഞ് അപകടം . അഞ്ചുവയസ്സുകാരനടക്കം മൂന്നുപേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിലെ അംറോഹ ജില്ലയിൽ ചൊവ്വാഴ്ചയാണ് സംഭവം.
അംറോഹയിലെ മിലക് ഛാവി ഗ്രാമത്തിലെ റോഡരികിലുള്ള ഹനുമാൻ ക്ഷേത്രത്തിൽ ‘സുന്ദരകാണ്ഡം’ പാരായണം കേൾക്കാൻ ഒത്തുകൂടിയ ഭക്തരുടെ ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. പരൺ സിങ് (70), മഹിപാൽ (42), അഞ്ചുവയസ്സുകാരനായ ആര്യവീർ എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടത്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇരുപതിന് മുകളിൽ ഭക്തർ സംഭവസമയത്ത് പന്തലിൽ പാരായണം കേൾക്കാനായി ഉണ്ടായിരുന്നുവെന്ന് അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് അഖിലേഷ് ഭദൗരിയ പറഞ്ഞു.
മെറ്റൽ കല്ല് കയറ്റി അമിതവേഗതയിൽ വന്ന ലോറി ആദ്യം ഒരു മരത്തിലിടിക്കുകയും, തുടർന്ന് റോഡിൽ നിന്ന് തെന്നിമാറി ആളുകൾ കൂടിയിരുന്ന പന്തലിലേക്ക് മറിയുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പൊലീസ് അറിയിച്ചു.





