
കോട്ടയം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനമായ കെ.എസ്.ആർ.ടി.സി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യയാത്ര പദ്ധതിയിൽ ട്രാൻസ്ജെൻഡർ വനിതകളെക്കൂടി ഉൾപ്പെടുത്താൻ സജീവ ആലോചന.
ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ സർക്കാർ തലത്തിൽ ആരംഭിച്ചതായാണ് വിവരം. പദ്ധതിയുടെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പോഷക സംഘടനയായ ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാക്കൾ ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണിന് നിവേദനം നൽകിയിരുന്നു.ഈ വിഷയത്തിൽ മന്ത്രി ഉറപ്പ് നൽകിയതായി ട്രാൻസ്ജെൻഡർ കോൺഗ്രസ് നേതാവ് അമേയ പ്രസാദ് വ്യക്തമാക്കിയതിന് പിന്നാലെ, ട്രാൻസ് വനിതകളെ ഉൾപ്പെടുത്തുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലുണ്ടെന്ന് മന്ത്രി സി.പി. ജോണും സ്ഥിരീകരിച്ചു.
വരുന്ന ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യയാത്ര നടപ്പാക്കുമെന്നും വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ആദ്യ മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ട്രാൻസ് കമ്മ്യൂണിറ്റിയെക്കൂടി പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നീക്കം. ജനസംഖ്യയിൽ ന്യൂനപക്ഷമായ ട്രാൻസ് സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുന്നത് സർക്കാരിന് വലിയ അധിക സാമ്പത്തികബാധ്യത ഉണ്ടാക്കില്ലെന്ന വിലയിരുത്തലും ഈ തീരുമാനത്തിന് പിന്നിലുണ്ട്.
നിലവിൽ ഡൽഹി, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ ട്രാൻസ് വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. സാമൂഹികനീതി വകുപ്പിന്റെ മുൻ സർവേകൾ പ്രകാരം സംസ്ഥാനത്ത് ഔദ്യോഗികമായി സ്വത്വം വെളിപ്പെടുത്തിയ ഇരുപത്തയ്യായിരത്തോളം ട്രാൻസ്ജെൻഡർ വ്യക്തികളാണുള്ളത്ഇതിൽ 99 ശതമാനത്തോളവും ട്രാൻസ്ജെൻഡർ വനിതകളാണ്. എന്നാൽ സാമൂഹികമായ കാരണങ്ങളാൽ യഥാർഥ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നും ഏകദേശം നാൽപതിനായിരത്തോളം ട്രാൻസ് വ്യക്തികൾ കേരളത്തിലുണ്ടാകാമെന്നുമാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്.
2011-ലെ സെൻസസ് പ്രകാരം വെറും 3,902 ട്രാൻസ് വ്യക്തികൾ മാത്രമാണുണ്ടായിരുന്നതെങ്കിലും അക്കാലത്ത് സ്വത്വം വെളിപ്പെടുത്താനുള്ള മടി കാരണം കണക്കുകൾ കുറവായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ 273 ട്രാൻസ്ജെൻഡർ വോട്ടർമാരെ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും വോട്ടർപട്ടികയിൽ സ്ത്രീ അല്ലെങ്കിൽ പുരുഷൻ എന്ന് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.എന്തായാലും പുതിയ തീരുമാനത്തിലൂടെ ട്രാൻസ്ജെൻഡർ വനിതകൾക്ക് വലിയൊരു സാമൂഹിക പിന്തുണ ഉറപ്പാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.





